തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. രണ്ടരമണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിലെ തർക്കം ഒടുവിൽ ഡൽഹിയിൽവരെ എത്തിയിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

To advertise here,

കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ ‘ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും’ എന്ന പ്രസംഗം ഉചിതമായിരുന്നോ എന്ന് തോമസ് ഐസക് ചോദിച്ചു. പ്രസംഗത്തിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റാലും നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ കൊലവിളി പ്രസംഗം നടത്തുന്നത് ഉചിതമാണോയെന്ന് സതീശൻ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം, കാസർകോട് 130 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം, ആലപ്പുഴയിൽ 10 കിലോ കഞ്ചാവ് പിടികൂടിയ സംഭവം എന്നിവയിലെ പ്രതികൾ യൂത്ത് കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ആണെന്നും ഇവർ വി.ഡി. സതീശനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളൊന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമല്ലെന്നും മുഖ്യമന്ത്രി ഇക്കാര്യം ഓർക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.