തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകളുടെ തലപ്പത്ത് വിസിറ്ററായി ഉന്നതവിദ്യാഭ്യാസമന്ത്രി വരും. വൈസ് ചാൻസലർക്ക് ഉയർന്ന പ്രായപരിധി നിബന്ധന നിഷ്‌കർഷിക്കില്ല. ഈ വ്യവസ്ഥകളടങ്ങിയ സ്വകാര്യ സർവകലാശാലാ ബില്ലിന്റെ അന്തിമകരടിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. ഒന്നിൽക്കൂടുതൽ കാമ്പസുകളെ ചേർത്ത് സ്വകാര്യ സർവകലാശാല സ്ഥാപിക്കാമെന്നതാണ് മറ്റൊരു പ്രധാനവ്യവസ്ഥ. ഇതിന് കെട്ടിവെക്കേണ്ട പണവും കുറച്ചു. നഗരത്തിലും ഗ്രാമത്തിലുമായി 10 ഏക്കർ സ്ഥലവും കെട്ടിവെക്കാൻ അഞ്ചുകോടി രൂപയും മതി.
കേന്ദ്ര സർവകലാശാലകളിലാണ് നിലവിൽ പരമോന്നത സ്ഥാനമായി വിസിറ്റർ പദവിയുള്ളത്. അത് രാഷ്ട്രപതിയാണ്. സ്വകാര്യസർവകലാശാലകളിൽ വിസിറ്ററായി ഉന്നതവിദ്യാഭ്യാസമന്ത്രിയെത്തുമ്പോൾ സംസ്ഥാനസർക്കാരിന് നിയന്ത്രണം സാധ്യമാകും. വി.സി. നിയമനത്തിന് വിസിറ്ററുടെ അംഗീകാരം വേണ്ടിവരും. നിലവിൽ സംസ്ഥാനത്ത് വി.സി.മാരുടെ പ്രായപരിധി 70 ആണ്. അക്കാദമിക് വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം വിരമിച്ചശേഷവും ഉറപ്പിക്കാനാണ് പുതിയ ബില്ലിൽ ഉയർന്ന പ്രായപരിധി വെക്കാത്തത്.
ഒന്നിൽക്കൂടുതൽ കാമ്പസുകൾ ചേർത്ത് സർവകലാശാല അനുവദിക്കാമെന്ന പിണറായി വിജയൻ സർക്കാരിന്റെ ബില്ലിലെ നിർദേശം പുതിയതിലും ഇടംപിടിച്ചു. ഏക കാമ്പസെന്ന യു.ജി.സി. ചട്ടത്തിനെതിരായ ഈ വ്യവസ്ഥയെ യു.ഡി.എഫ്. നേരത്തേ എതിർത്തിരുന്നു. ഒരു കാമ്പസിൽ നിർദിഷ്ട സ്ഥലമില്ലാത്തവർക്ക് വഴിയൊരുക്കുന്നതാണിത്. മുൻസർക്കാരിന്റെ ബില്ലിൽ കെട്ടിവെക്കേണ്ട തുക 25 കോടിയായിരുന്നു.
ചില എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സർവകലാശാലയാകാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എയ്ഡഡ് കോളേജുകൾ സ്വകാര്യ സർവകലാശാലയായാൽ ശമ്പളം സർക്കാരിന് പകരം മാനേജ്‌മെന്റ് നൽകുകയും നിലവിലുള്ളവരുടെ പെൻഷൻ ആനുകൂല്യം സർക്കാർ നൽകുകയും ചെയ്യുകയെന്ന നിർദേശമാണ് പരിഗണനയിൽ. ഇതിന് സർക്കാർ ഉത്തരവ് മതിയാകുമെന്നതിനാൽ ബില്ലിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല.
Published: 18 Nov 2026, 06:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented