ബ്രിട്ടീഷുകാർ പണിത കെട്ടിടം; നിർത്താതെ കൂകിപ്പായുന്നു തീവണ്ടികൾ

To advertise here,

ചെറുവത്തൂർ : എല്ലാ വണ്ടികളും നിർത്തിയിരുന്നൊരു സമ്പന്ന ഭൂതകാലമുണ്ട് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്. കൽക്കരിവണ്ടികൾ ഓടിയിരുന്ന കാലത്ത് വെള്ളം നിറച്ചിരുന്നത് ചെറുവത്തൂരിൽനിന്നായിരുന്നു.

കണ്ണൂരിനും മംഗളൂരുവിനുമിടയിലെ പ്രധാന സ്റ്റേഷനായിരുന്നു അക്കാലത്ത്. വെള്ളത്തിന് പകരം ഇന്ന് വൈദ്യുതി നൽകുന്നുണ്ട്. അതിന്റെ പരിഗണന ഇപ്പോൾ ചെറുവത്തൂരിന് കിട്ടുന്നില്ല. നിർത്തുന്ന വണ്ടികളുടെ എണ്ണം 12 ആയി കുറഞ്ഞു. പുതിയ വണ്ടികൾക്ക് സ്റ്റോപ്പും കോവിഡുകാലത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിന്റെ സ്റ്റോപ്പും പുനഃസ്ഥാപിക്കണമെന്ന ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുകയാണ് റെയിൽവേ അധികൃതർ.

ബ്രിട്ടീഷുകാർ പണിത ഓഫീസ് കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തനം. തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള കെട്ടിടം പഴകിദ്രവിച്ച് വീഴാറായി. സമീപത്ത് കാട് നിറഞ്ഞതിനാൽ പാമ്പും പഴുതാരയും ഇഴഞ്ഞെത്തും. മേൽക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമിൽ വെയിലും മഴയുമേൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. തെക്കുവടക്കോടുന്ന വണ്ടികളിൽ പകുതിയലധികവും കൂകിപ്പായുന്നത് കണ്ടിരിക്കാനുള്ള സ്റ്റേഷനായി ചെറുവത്തൂർ മാറി.

തെക്കുവടക്ക് ഒാടുന്ന വണ്ടികൾ ഒരുമിനിറ്റ് നേരം നിർത്തിയതിലൂടെ കഴിഞ്ഞവർഷം റെയിൽവേക്ക് ചെറുവത്തൂരിൽനിന്ന്‌ ലഭിച്ചത് 4.98 കോടി രൂപയാണ്. കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്താൽ, വരുമാനം ഇരട്ടിയാകും. ദീർഘദൂരയാത്രക്കാർ മറ്റ് സ്റ്റേഷനുകളെ ആശ്രയിച്ചാണ് ഇപ്പോൾ തീവണ്ടിയാത്ര നടത്തുന്നത്.

ചെറുവത്തൂർ, പിലിക്കോട്, വലിയപറമ്പ, പടന്ന, കയ്യൂർ-ചീമേനി, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലെ ആയിരക്കണക്കായ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെറുവത്തൂർ.

വലിയപറമ്പ വിനോദസഞ്ചാരകേന്ദ്രം, മടക്കര മീൻപിടിത്ത തുറമുഖം, പിലിക്കോട് കാർഷികഗവേഷണ കേന്ദ്രം തുടങ്ങിയ ഇടങ്ങളിലേക്ക് എളുപ്പത്തിലെത്താനുള്ള സ്റ്റേഷനാണ് ചെറുവത്തൂർ.

യാത്രക്കാർക്ക് വാഹനം നിർത്തിയിടാൻ സൗകര്യമില്ലാത്തത് വലിയ പ്രയാസമാണ്. റോഡരികിലും മാറ്റും വാഹനം നിർത്തിയിട്ടാണ് തീവണ്ടികയറുന്നത്.

സ്റ്റേഷൻ പരിസാരമാകെ കാടുമൂടിയതിനാൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാതായി. ഡി.ആർ.എം. ഉൾപ്പെടെയുള്ള റെയിൽവേ അധികൃതരുടെ സന്ദർശനവേളയിൽ ചെറുവത്തൂർ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാലും നടപടികളുണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.