കുമ്പള : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ച കുമ്പള കഞ്ചിക്കട്ടപ്പാലത്തിന്റെ പുനർനിർമാണത്തിനു സാങ്കേതികാനുമതി ലഭിച്ചുവെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. പാലം നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ പൂർത്തിയായി ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും തുടർനടപടികളായിട്ടില്ല. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായാണ് സൂചന.
പാലം നിർമാണത്തിനാവശ്യമായ സ്ഥലം പുഴയുടെ ഇരുവശങ്ങളിലെയും സ്ഥലം ഉടമകളായ രണ്ട് സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടതായുണ്ട്.
പുഴയുടെ ഒരുവശത്തെ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മറുഭാഗത്തെ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. തർക്കം പരിഹരിക്കുന്നതിനായി പ്രദേശത്തെ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവിനെ അനൗദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നു.
രണ്ട് ദിവസം മുൻപ് സ്ഥലമുടമയുമായി സംസാരിച്ചതായും പറയുന്നു. ടെൻഡർ ഓപ്പൺ ചെയ്ത് മറ്റു നടപടികളിലേക്ക് കടക്കുമ്പോഴേക്കും സ്ഥലം അനുവദിച്ച് കിട്ടിയില്ലെങ്കിൽ ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്തധികൃതർക്കും പഴികേൾക്കേണ്ടതായി വരും. നിലവിൽ സ്ഥലവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പുതിയപാലം നിർമിക്കുന്നതിനുള്ള വഴിതെളിഞ്ഞതോടെ വർഷങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധിയിൽ അവർക്ക് ആശങ്കയുണ്ട്.
പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഗതാഗതം പൂർണമായും നിരോധിക്കുകയും അടച്ചിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കഞ്ചിക്കട്ട, മളി, താഴെ കൊടിയമ്മ, താഴെ ആരിക്കാടി, കുണ്ടാപ്പു ബംപ്രാണ, ചുരിത്തടുക്ക, കോട്ടക്കാർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകും.
ജലവിഭവവകുപ്പ് ചെറുകിട ജലസേചനവിഭാഗം തയ്യാറാക്കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ, എ കെ.എം. അഷ്റഫ് എം.എൽ.എയുടെ ഇടപെടൽ മൂലമാണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപ അനുവദിച്ചത്.
യാത്രാസൗകര്യത്തിനൊപ്പം കർഷകർക്കും ഈ പദ്ധതിയിലൂടെ വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് ജലലഭ്യത ഉറപ്പുവരുത്താനും പുഴയിൽ ഉപ്പുവെള്ളം കയറി, നെൽക്കൃഷി നശിക്കുന്നത് തടയാനുമുള്ള സംവിധാനങ്ങളും ഇതിലുൾപ്പെടുന്നു.
സാങ്കേതികാനുമതി ലഭ്യമായ സാഹചര്യത്തിൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 18 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented