കൊച്ചി: പ്രായപൂർത്തിയാകുന്നതിനു മുൻപ് കുട്ടികൾ ചെയ്യുന്ന കുറ്റങ്ങൾ ഒരുകാരണവശാലും അവരുടെ ഭാവിക്ക്‌ തടസ്സമായി മാറരുതെന്ന ബാലനീതി നിയമത്തിലെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) വ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയില്ലാതെ പോലീസ്. ഇതുകാരണം പ്രായപൂർത്തിയാകുന്നതിനുമുൻപ് കേസിൽ ഉൾപ്പെട്ടതിന്റെപേരിൽ സംസ്ഥാനത്ത് ഒട്ടേറെപ്പേർക്ക് സർക്കാർജോലിയടക്കം നിഷേധിക്കപ്പെടുന്നു.

To advertise here,

18 വയസ്സിൽത്താഴെയുള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം, കേസിൽ ശിക്ഷിച്ചാലും വെറുതേവിട്ടാലും രേഖയിൽ ഉണ്ടാകരുതെന്നാണ് ബാലനീതി നിയമത്തിൽ പറയുന്നത്.

എന്നാൽ, പോലീസിന്റെ ഓൺലൈൻ സംവിധാനത്തിൽനിന്ന് ഇത്തരം രേഖ നീക്കാത്തതിനാൽ പോലീസ് വേരിഫിക്കേഷനിൽ ഈ വിവരം റിപ്പോർട്ട് ചെയ്യുകയും അതിലൂടെ ജോലിയും പാസ്പോർട്ടുമൊക്കെ നിഷേധിക്കപ്പെടുകയും ചെയ്യുന്നതായി പരാതിയുണ്ട്. കൃത്യമായ നിർദേശം ലഭിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ജുവനൈൽ ജസ്റ്റിസ് ബോർഡ് കേസ്‌വിവരം കൃത്യമായി നീക്കുന്നുണ്ട്. പ്രായപൂർത്തിയാകുന്നതിനുമുൻപ് ചെയ്ത ചെറിയ തെറ്റിന്റെപേരിൽ ഒന്നിലേറെ സർക്കാർജോലി നിഷേധിക്കപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവ് അടുത്തിടെ ഹൈക്കോടതിയിലെത്തിയിരുന്നു. തലശ്ശേരി ജെജെ ബോർഡ് ഉത്തരവിട്ടിട്ടും പോലീസ് രേഖകൾ ഒഴിവാക്കാത്തതാണ് പ്രശ്നമായത്. പോലീസിനോട് രേഖകൾ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

കുട്ടികൾ ഉൾപ്പെടുന്ന കേസിൽ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് (എസ്ബിആർ) ആണ് പോലീസ് നൽകുന്നത്. ഇവ രേഖകളിൽ സൂക്ഷിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിടണമെന്ന നിർദേശമാണ് നിയമവിദഗ്ധർ മുന്നോട്ടുവെക്കുന്നത്.