കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വമ്പൻ തോൽവിയെ ജില്ലയിൽ അഭിമുഖീകരിച്ചതിനുശേഷമാണ് തിരുത്തൽ ലക്ഷ്യമിട്ട് വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കുശേഷം വിപുലീകൃത ജില്ലാ കമ്മിറ്റിക്കും കോഴിക്കോട്ട് തുടക്കമായിരിക്കുന്നത്. ഇടതിന്റെ ചുവപ്പ് കോട്ടയെന്നാണ് കോഴിക്കോടിനെ വിശേഷിപ്പിക്കുന്നതെങ്കിലും കുത്തക പഞ്ചായത്തുകൾ അടക്കം സിപിഎമ്മിന്റെ കയ്യിൽ നിന്നും പോയതിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13ൽ 12സീറ്റും നഷ്ടമാവുകയായിരുന്നു. ഇത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ചെറിയ നാണക്കേടൊന്നുമല്ല ഉണ്ടാക്കിയത്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ന്യൂനപക്ഷങ്ങളിൽ നിന്ന് പാർട്ടി അകുന്നു എന്ന കാരണമാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തന്നെ ഇതിൻ്റെ സൂചന ലഭിച്ചിരുന്നുവെങ്കിലും നേതൃത്വം കണ്ടില്ലെന്ന് നടിച്ചതാണ് ജില്ലയിൽ ഇത്രവലിയ പരാജയത്തിനെ പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മേയർ സ്ഥാനാർഥിയടക്കം തോറ്റിട്ടും ഈ സൂചന തിരിച്ചറിയാത്തത് നേതൃത്വത്തിന്റെ വലിയ വീഴ്ചയായിട്ടാണ് കണക്കാക്കപ്പെട്ടത്.
കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി എം. മെഹബൂബ് നടത്തിയ വാർത്താസമ്മേളനത്തിലും ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും നിർണായകമായ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്നും അകന്നുപോയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ചിരുന്നു. പേരാമ്പ്രയും നാദാപുരവും കുറ്റ്യാടിയും തിരുവമ്പാടിയും പോലുള്ള മണ്ഡലത്തിൽ അപ്രതീക്ഷിതമായി പാർട്ടിക്കേറ്റ പരാജയം ഇതിനുദാഹരണം ആയി ചൂണ്ടിക്കാട്ടുന്നുമുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ വലത്തോട്ടും നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടത്തോട്ടും ചായുന്ന ജില്ലയായിരുന്നു കഴിഞ്ഞ കുറേക്കാലമായി കോഴിക്കോട്. പക്ഷേ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ജനങ്ങൾ സിപിഎമ്മിനെ അപ്പാടെ കൈവിടുകയായിരുന്നു.
നേതൃത്വത്തിൽ നിന്നും പല കാലങ്ങളിലായി വന്ന മലപ്പുറം വിരുദ്ധ പ്രസ്താവനകൾ അടക്കം ചൂണ്ടിക്കാട്ടി സിപിഎം ന്യൂനപക്ഷ വിരുദ്ധമാണ് എന്ന പൊതുബോധം സൃഷ്ടിക്കാൻ എതിരാളികൾക്ക് സാധിച്ചു. എന്നാൽ അതിനെ വേണ്ടത്ര പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല എന്ന വലിയ വിമർശനമാണ് യോഗത്തിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചത്. ഇത് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതായും ചൂണ്ടിക്കാണിക്കപ്പെട്ടു.
ബിജെപിയുടെ ചെറുപതിപ്പാണ് സിപിഎം എന്ന എതിരാളികളുടെ പ്രചരണത്തെയും വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ല. ഇതോടെ നിഷ്പക്ഷരായി കഴിഞ്ഞ കുറേക്കാലമായി വോട്ടുചെയ്തിരുന്ന ഒരു വിഭാഗം ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
നാദാപുരത്തെ സ്ഥാനാർഥി നിർണയത്തിലടക്കം പാളിച്ചകൾ ഉണ്ടായതായി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പരാജയ സാധ്യത താഴെത്തട്ടിൽ നിന്നടക്കം ചൂണ്ടിക്കാട്ടിയിട്ടും അതിനെ ജാഗ്രതയോടെ കണ്ടില്ല. പകരം ചിലരുടെ പിടിവാശിയാണ് നടപ്പിലായത്. ഇത് വർഷങ്ങളായി ഇടതിന്റെ കൈവശമുള്ള ഒരു മണ്ഡലം നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
Published: 06 Oct 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented