തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി ദാസ് ആന്റണി(43)ക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്ന് മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം.

To advertise here,

2025 മെയ് 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ചയ്ക്ക് അയൽവാസി കൂടിയായ കുട്ടിയോട് പ്രതി തന്റെ വീട്ടിലെ കോഴിക്ക് കൊടുക്കാൻ അരിയുമായി ചെല്ലാൻ നിർദേശിച്ചു. ഇതനുസരിച്ച് അരിയുമായി എത്തിയ കുട്ടിയെ പ്രതി വീടിനകത്തേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ഇതിനിടെ വീട്ടിലെത്തിയ ആളോട് സംസാരിക്കാനായി കുട്ടിയെ അകത്ത് മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ സമയം കുട്ടിയെ അന്വേഷിച്ചു വന്ന കുട്ടിയുടെ അപ്പൂപ്പനെ, കുട്ടി നേരത്തെ പോയി എന്നുപറഞ്ഞ് മടക്കി അയക്കുകയും ശേഷം പീഡനം തുടരുകയുമായിരുന്നു.

ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ശേഷം, പ്രതിയുടെ വീട്ടിലേയ്ക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. വീട്ടുകാർ വഴക്ക് പറയുന്നതിനിടെ സഹോദരിയോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. പിന്നാലെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു.

എന്നാൽ പ്രതി ബന്ധുവായതിനാൽ പോലീസിൽ വിവരം അറിയിക്കരുതെന്ന് പറഞ്ഞ് ബന്ധുക്കളുടെ ഭാഗത്തുനിന്നും വലിയ പ്രശ്‌നമുണ്ടായി. എന്നാൽ അത് കൂട്ടാക്കാതെ കുട്ടിയുടെ അമ്മ വലിയതുറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

വലിയതുറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രകാശ് ആർ., അരുൺ എസ്. എന്നിവരണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും മൂന്ന് തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി.