കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേലുണ്ടായിരുന്ന കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ നടപടി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കാപ്പ റദ്ദാക്കണമെന്ന സുഗതന്റെ ഭാര്യ അശ്വതിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതോടെ ജയിലിന് പുറത്തിറങ്ങാം എന്നത് സുഗതനെയും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

To advertise here,

സുഗതന്റെ കരുതൽ തടങ്കലിനെ ചോദ്യം ചെയ്ത് ഭാര്യ അശ്വതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് വിധി പ്രസ്താവിച്ചത്. 2007-ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ - KAAPA) നിലവിൽ തൃശൂർ വിയ്യൂർ ജയിലിലാണ് സുഗതൻ തടവിൽ കഴിയുന്നത്.

'റിട്ട് ഹർജി അനുവദിച്ചിരിക്കുന്നു. രജിസ്ട്രി ഈ ഉത്തരവ് നാലാം എതിർകക്ഷിക്ക് (സൂപ്രണ്ട്, സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം, വിയ്യൂർ, തൃശൂർ) ഇമെയിൽ വഴി അറിയിക്കേണ്ടതാണ്' എന്ന് തുറന്ന കോടതിയിൽ പ്രഖ്യാപിച്ചു. 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ വാർഡ് നമ്പർ 20-ൽ വാഴോട്ടുകോണത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ് സുഗതൻ. തുടർന്ന് കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവിലൂടെ ഇയാളെ തടവിലാക്കുകയായിരുന്നു.

നേരത്തെ ചൊല്ലിയ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനെ തുടർന്ന്, ജയിലിനുള്ളിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് സൗകര്യമൊരുക്കാൻ ജൂലൈയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. 2014 മുതൽ സുഗതൻ റൗഡി ലിസ്റ്റിലുണ്ടെന്നും ഇയാൾക്കെതിരെ 22 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലു ഫലമുണ്ടായില്ല.

അന്യായമായാണ് സുഗതനുമേൽ കാപ്പ ചുമത്തിയിരിക്കുന്നതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ഹർജിയിൽ സുഗതന്റെ ഭാര്യ ഉന്നയിച്ചിരുന്ന പ്രധാന വാദങ്ങൾ. സുഗതൻ നഗരസഭാ കൗൺസിലിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനായി സിപിഎമ്മും കോൺഗ്രസും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും അവർ വാദിച്ചു.

മാത്രമല്ല, കാപ്പ പ്രകാരം സുഗതന്റെ അറസ്റ്റ് നടന്നത് നിയമക്രമങ്ങളെല്ലാം പാലിച്ചല്ലെന്നും അവർ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കൊലപാതകശ്രമമടക്കം വിവിധ കേസുകളടക്കം പരിഗണിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. ഇതിനുപിന്നാലെ, സുഗതനെ അറസ്റ്റു ചെയ്യാൻ പോയ പോലീസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടാവുകയും പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതടക്കം വലിയ സംഭവവികാസങ്ങൾ ഉണ്ടായിരുന്നു.

സുഗതൻ ജയിലിലായതോടെ  തിരുവനന്തപുരം കോർപറേഷനിലും പ്രതിസന്ധിയായിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതി പ്രകാരം ജയിലിൽവെച്ചാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് സുഗതന്റെ ഭാര്യ അശ്വതി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. സുവിൻ മേനോനാണ് സുഗതന്റെ ഭാര്യക്ക് വേണ്ടി കോടതിയിൽ ഹാജരായത്.