തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ സമയത്ത് സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘WOMN – Women On the Move & Menstrual Needs’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ-ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.

To advertise here,

സ്ത്രീകളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രധാന ആവശ്യത്തിനാണ് പദ്ധതിയിലൂടെ പരിഹാരം ഒരുക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ആർത്തവ ശുചിത്വം സ്ത്രീകളുടെ ആരോഗ്യത്തിന്റെയും അന്തസ്സിന്റെയും ഭാഗമാണ്. യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകുന്നത് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമായാണ് കാണേണ്ടത്. അതിനൊപ്പം ഉപയോഗിച്ച നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14 കെഎസ്ആർടിസി കേന്ദ്രങ്ങളിലാണ് സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്. ശുചിമുറികൾക്ക് സമീപമായാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ഉണ്ടാകുക. ഒരു പാക്കറ്റിന് 10 രൂപയാണ് വില.

വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ HLL ലൈഫ് കെയറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളിൽ നാപ്കിനുകൾ നിറയ്ക്കുന്നതിനും ഇൻസിനറേറ്ററുകൾ ശുചിയാക്കുന്നതിനും കെഎസ്ആർടിസിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകും. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 16 ലക്ഷം രൂപയാണ് വകുപ്പ് വകയിരുത്തിയിട്ടുള്ളത്.

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 93 കെഎസ്ആർടിസി ഡിപ്പോകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി കൂടുതൽ കേന്ദ്രങ്ങളിലേക്ക് പദ്ധതി എത്തിക്കുന്നതിലൂടെ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായും, ആത്മവിശ്വാസത്തോടും, സ്വതന്ത്രമായും സഞ്ചരിക്കാനുള്ള സാഹചര്യം ശക്തിപ്പെടുത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

വനിതാ-ശിശു വികസന വകുപ്പിന്റെ പ്രവർത്തനം സ്ത്രീകൾക്ക് സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സുരക്ഷ, ആരോഗ്യം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക പങ്കാളിത്തം, അന്തസ്സ്, ആത്മവിശ്വാസം എന്നിവ ഉറപ്പാക്കുകയാണ് വകുപ്പിന്റെ വിശാലമായ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.