തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി സിപിഎം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പി.വി. അന്‍വര്‍ ഘടകമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിലമ്പൂരിലെ സിപിഎം വോട്ടുകള്‍ അന്‍വര്‍ പിടിച്ചുവെന്നും വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അന്‍വര്‍ അവതരിപ്പിച്ചു. ഇത് തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഒപ്പം തന്നെയാണ് അന്‍വര്‍ ഉള്ളതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചുപോയ വഞ്ചകനായ അന്‍വര്‍, യുഡിഎഫിന് വേണ്ടിയാണ് കളംമാറിയത്. ആ വഞ്ചകനായ അന്‍വറിന് കുറച്ച് വോട്ടുനേടാന്‍ സാധിച്ചുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പി.വി അന്‍വര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അവിടെ കുറേ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരുന്നു. ആ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അന്‍വറിന് ഗുണമായിട്ടുണ്ടെന്നും ഗോവിന്ദന്‍ വിലയിരുത്തി. അന്‍വര്‍ പിടിച്ചതില്‍ ഇടതുമുന്നണിയുടെ വോട്ടുകളും ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വലിയ തോതില്‍ പരാജയം സംഭവിച്ചു. അതൊരു പാഠമാക്കി എടുത്തുകൊണ്ട് വരുന്ന നാളുകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും സിപിഎം യോഗത്തിലുണ്ടായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിശദമായ വിലയിരുത്തലാണ് ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും രണ്ടു ദിവസം നീണ്ട സംസ്ഥാന സമിതി യോഗത്തിലും ഉണ്ടായത്.
തിരഞ്ഞെടുപ്പിന് മുമ്പ് പി.വി അന്‍വര്‍ ഒരു ഘടകമേ അല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അന്‍വറിന്റെ കൂടെ ഒരു ഇടത് സഹയാത്രികന്‍ പോലും പോയിട്ടില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും എം.വി ഗോവിന്ദന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് മാറ്റിയിരിക്കുകയാണ് സിപിഎം.
Content Highlights: CPM`s M.V. Govindan admits P.V. Anwar`s influence in Nilambur bypoll defeat
Published: 27 Jun 2025, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented