കൊച്ചി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനത്തിനു പിന്നിൽ നടന്നത് വൻ സാമ്പത്തിക ക്രമക്കേടുകളെന്ന് സംസ്ഥാന കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഫുട്‌ബോളിനെ വൈകാരികമായി സ്‌നേഹിക്കുന്ന കേരളത്തിലെ ജനങ്ങളെ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരും സ്‌പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും വഞ്ചിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

To advertise here,

അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ (എ.എഫ്.എ.) കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മുൻ കായികമന്ത്രിയുടെ ഓഫീസ് ഇ മെയിൽ അയച്ചിരുന്നെങ്കിലും അതിന് ഔദ്യോഗികമായ മറുപടി ലഭിച്ചതായി രേഖകളിലില്ല. അർജന്റീന ടീം ക്ഷണം സ്വീകരിച്ചെന്നോ വരാൻ തയ്യാറാണെന്നോ വ്യക്തമാക്കുന്ന രേഖകളോ ഉറപ്പുകളോ കായിക വകുപ്പിന്റെ പക്കലില്ല. അർജന്റീന ടീം ഈ വിവരം അറിഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾപോലുമില്ലെന്നും സൂചനയുണ്ട്. 

കൊച്ചി കലൂരിലെ സ്‌റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതിലും ക്രമക്കേടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന യോഗങ്ങളിലടക്കം വലിയ ദുരൂഹതകളുണ്ട്. ഫിഫയുടെ രജിസ്‌ട്രേഷനില്ലാത്ത സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനാവില്ലെന്ന പ്രാഥമിക വസ്തുതപോലും പരിഗണിക്കാതെയാണ് സ്റ്റേഡിയം സ്‌പോൺസർക്ക് വിട്ടുകൊടുക്കാൻ നടപടി സ്വീകരിച്ചത്.

മുൻ മന്ത്രി വി. അബ്ദുറഹ്‌മാൻ ഇതിന്റെ പേരിൽ നടത്തിയ മാഡ്രിഡ് സന്ദർശനവും സംശയനിഴലിലാണ്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും അതിനായി ചെലവഴിച്ച പണത്തെക്കുറിച്ചും അന്വേഷണം വേണ്ടിവരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിഷയത്തിൽ മന്ത്രി നേരിട്ടാണ് കത്തിടപാടുകളും മറ്റും നടത്തിയിരുന്നത്. വകുപ്പിൽ ഇതുസംബന്ധിച്ച ഏകോപനമോ സുതാര്യതയോ ഉണ്ടായിരുന്നില്ല.

മത്സരത്തിനുള്ള പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ആദ്യം രണ്ടു മത്സരങ്ങൾക്കായി 7.5 മില്യൺ വീതം നൽകാനാണ് നിശ്ചയിച്ചിരുന്നതെങ്കിൽ, പിന്നീടത് ഒരു മത്സരത്തിനായി മാത്രം 15 മില്യൺ ഡോളർ എന്ന് രേഖകളിൽ മാറ്റംവരുത്തി. സ്‌പോൺസറെ കണ്ടെത്തിയതുതന്നെ ടെൻഡർ നടപടികൾ പാലിക്കാതെയാണ്. സ്‌പോൺസർ പണം നൽകി എന്നുപറയുന്ന ബാങ്ക് രേഖകളും ലഭ്യമല്ല. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാറിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉൾപ്പെടുത്തിയത് കുറ്റകരമായ നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കായികവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്.

വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര അന്വേഷണ ഏജൻസികളെകൂടി ശുപാർശചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പിന് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കൈമാറിയത്. അന്താരാഷ്ട്ര ഫുട്‌ബോൾ ഏജൻസികൾകൂടി ഉൾപ്പെട്ട വിവാദമായതിനാൽ സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നത്.