തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് അഴിമതിയാരോപണക്കേസിൽ എന്തുകൊണ്ടാണ് ഇതുവരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് (എഫ്.ഐ.ആർ.) രജിസ്റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ഹൈക്കോടതി. ഗൗരവതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിലെ അസംതൃപ്തി കോടതി പ്രകടിപ്പിച്ചു. മുദ്രവെച്ച കവറിൽ വിവരങ്ങൾ കൈമാറണമെന്നും വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.

To advertise here,

കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തത് സംബന്ധിച്ച് ചോദിച്ചത്. വിഷയത്തിൽ പ്രാഥമികാന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിന്റെ പൂർണവിവരങ്ങൾ സംബന്ധിച്ചും സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി മുദ്രവെച്ച കവറിൽ വിശദാംശങ്ങൾ കൈമാറാമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് കൈമാറിയത് ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും അതിനാൽത്തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തുതന്നെ അന്വേഷണം നടത്തണമെന്നുമാണ് ഇ.ഡി.യുടെ നിലപാട്.