
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ച് ഇരുട്ടി വെളുത്തപ്പോഴേയ്ക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സർക്കാരിനും സിപിഎമ്മിനും അനഭിമതൻ. ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഡോക്ടർ പ്രതിപക്ഷത്തിന് ആയുധം നൽകിയെന്നന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ഡോക്ടറെ എതിർക്കുന്നതായിരുന്നു ബുധനാഴ്ചത്തെ കാഴ്ച. പ്രശ്നം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പ്രതികാരനടപടി ഉണ്ടാവില്ലെന്ന് കഴിഞ്ഞദിവസം പ്രതികരിച്ചെങ്കിലും ഇപ്പോൾ മൗനത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡോക്ടറെ പിന്തുണച്ചെങ്കിലും പാർട്ടിയുടെ മന്ത്രി ജി.ആർ. അനിൽ അത് തള്ളി. പ്രതിപക്ഷത്തെ ഉന്നമിട്ടുള്ള, സിപിഎം മുഖപത്രത്തിന്റെ ‘ഇത് തിരുത്തലല്ല, തകർക്കൽ’ എന്ന എഡിറ്റോറിയൽ ഡോക്ടർക്കുമുള്ള താക്കീതായി.
കടുപ്പിച്ച് ഗോവിന്ദൻ; വിടാതെ മന്ത്രി
ലോകോത്തരനിലയിലുള്ള കേരളത്തിലെ ആരോഗ്യമേഖലയെ വല്ലാതെ അപകീർത്തിപ്പെടുത്താനാണ് ഡോക്ടറുടെ പരാമർശം ഉപയോഗിക്കപ്പെട്ടതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന രീതിയിലുള്ള പരാമർശം വന്നാൽ സ്വാഭാവികമായും അതിന്റെ പ്രതികരണമുണ്ടാവും. -ഗോവിന്ദൻ വിമർശിച്ചു. ഡോക്ടറുടെ കുറ്റപ്പെടുത്തൽ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ചതായില്ലെന്ന് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി.
എതിർത്തും തുണച്ചും സിപിഐ
ഡോക്ടറുടെ വാക്കുകളിൽ കുനിഷ്ടുള്ളതായി തോന്നുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഡോക്ടറുടെ പ്രതിബദ്ധതയെക്കുറിച്ച് ആർക്കും സംശയമില്ല. സർക്കാർ വേഗത്തിലതു കൈകാര്യം ചെയ്തു. സർക്കാരിനെ അടിക്കാനുള്ള വടിയായി ഹാരിസിനെ ഉപയോഗിക്കാൻ ആരും ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാൽ, ഹാരിസിന്റെ തുറന്നു പറച്ചിൽ ആരോഗ്യമേഖലയെ മോശപ്പെടുത്തുന്ന അവസ്ഥയിലെത്തിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി.
മെഡിക്കൽ കോളേജ് വിവാദം: റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കാൻ നടപടി ക്രമം അടിമുടി മാറ്റണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു.
ഡോ. ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് ശുപാർശചെയ്തിട്ടില്ല. മെഡിക്കൽ കോളേജിൽ ഏറ്റവും രോഗീസാന്ദ്രതയേറിയ യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. മെഡിക്കൽ വിഭ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് പ്രാഥമിക റിപ്പോർട്ട് കൈമാറി. വ്യാഴാഴ്ച മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് നൽകും.
മൂത്രാശയക്കല്ല് പൊടിക്കുന്ന ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെത്തുടർന്നാണ് ഡോ. ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. എച്ച്ഡിഎസിന്റെ ഫയൽനീക്കം സുഗമമാക്കണം, ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. നടപടിക്രമം ലഘൂകരിക്കണമെന്ന നിർദേശം വകുപ്പുമേധാവികൾ മുന്നോട്ടുവെച്ചിരുന്നു.
ബുധനാഴ്ചയും വിദഗ്ധസമിതി അംഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പ്രധാനമായും പരിശോധിച്ചത്.
വകുപ്പുമേധാവികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുനൽകിയ കത്തുകളും സ്വീകരിച്ച നടപടികളും ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽനിന്ന് അന്വേഷണസംഘം ശേഖരിച്ചു. കഴിഞ്ഞ ഒരുവർഷത്തെ ശസ്ത്രക്രിയാവിവരങ്ങളും സമിതി പരിശോധിച്ചു. ഇതിനുശേഷം രാത്രിയോടെയാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.
തുറന്നുപറച്ചില് പ്രൊഫഷണല് സൂയിസൈഡ്- ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പ്രൊഫഷണൽ സൂയിസൈഡായി കരുതാമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ.
‘മുന്നിലുള്ള വഴികളെല്ലാം കൊട്ടിയടയ്ക്കപ്പെടുമ്പോൾ ഒരാൾ ആത്മഹത്യ ചെയ്യുന്നതുപോലെയാണിത്. എനിക്കെതിരേ നടപടിയുണ്ടായാലും നിലപാടു തുടരും. ഇടതുപക്ഷ സഹയാത്രികനെന്ന നിലയിൽ ഏറെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അദ്ദേഹം ഗുരുനാഥനാണ്. അദ്ദേഹം തന്നെ എന്തുചെയ്താലും ബഹുമാനത്തിന് ഒരു കുറവുമുണ്ടാകില്ല’- ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.
‘മെഡിക്കൽ കോളേജിലെ ഉപകരണങ്ങളുടെ അഭാവം കഴിഞ്ഞ ദിവസം പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. പക്ഷേ, ഉപകരണങ്ങളുടെ ക്ഷാമം പലതും ഇപ്പോഴുമുണ്ട്. അതിനൊക്കെ സ്ഥിരമായി പരിഹാരമുണ്ടാകണം. കരിയറും ജോലിയും ത്യജിച്ചുകൊണ്ട് റിസ്കെടുത്താണ് മുന്നോട്ടുവന്നത്. ഒരുപക്ഷേ, ഇനി എനിക്ക് ഇങ്ങനെ വരാൻ കഴിയുകയില്ല.
എന്റെ സർവീസ് ഇല്ലാതാകുന്നുവെന്നു വിചാരിച്ച് പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല. അതു പരിഹരിക്കാൻ നടപടികളുണ്ടാകണം. ഒരിക്കലും മന്ത്രിസഭയെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ വകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നത് -അദ്ദേഹം പറഞ്ഞു.
Content Highlights: Controversy erupts in Kerala over Dr. Harris`s criticism of Thiruvananthapuram Medical College
Published: 03 Jul 2025, 08:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented