തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെ ആരോഗ്യകരമായ വാർധക്യം ഉറപ്പാക്കാൻ സമഗ്രപദ്ധതിയുമായി സർക്കാർ. ഇതിനുവേണ്ടി മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമായി ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സി’ന് രൂപം നൽകി.

To advertise here,

മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പുണ്ടാക്കിയതിന്റെ തുടർച്ചയായാണ് ടാസ്‌ക് ഫോഴ്സെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രോഗം വന്നശേഷം ചികിത്സ തേടുന്നതിനുപകരം രോഗം വരാതിരിക്കുകയെന്നതാണ് ലക്ഷ്യം. ലോകത്തിനു മാതൃകയാകുന്ന ആരോഗ്യസംരക്ഷണ ശൈലി യാഥാർഥ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ടാസ്‌ക് ഫോഴ്‌സ് രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകും. ‌രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, മൂന്നുവർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ചെലവ്, ധനസമാഹരണം തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ചികിത്സാരീതികൾ പ്രയോജനപ്പെടുത്താനുള്ള സാധ്യത തേടും. ആരോഗ്യവിവരം സുരക്ഷിതമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും കൊണ്ടുവരും.

‌വയോജനവകുപ്പ്: ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും

വയോജനവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ലാ വയോജനക്ഷേമ ഓഫീസർമാരായി കെ.എ.എസ്. ഉദ്യോഗസ്ഥരെ പുനർവിന്യാസത്തിലൂടെ കണ്ടെത്തും. ഇതിനായി വയോജന ക്ഷേമവകുപ്പ് സെക്രട്ടറി കൺവീനറായും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയും പൊതുഭരണവകുപ്പിന്റെയും അഡീഷണൽ/ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളായും സമിതി രൂപവത്കരിച്ചു.