
വിഴിഞ്ഞം: കപ്പലില്‍ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് രക്ഷകരായി വിഴിഞ്ഞത്തെ മാരിടൈം ബോര്‍ഡ് അധികൃതര്‍. തിരുവനന്തപുരം വിഴിഞ്ഞത്ത് ആഴക്കടലിലാണ് ബുധനാഴ്ച രാത്രിയോടെ മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെയാണ് കപ്പല്‍ അധികൃതര്‍ മാരിടൈം ബോര്‍ഡിന്റെ സഹായം അഭ്യര്‍ഥിച്ചത്. നങ്കൂരമിട്ടിരുന്ന കണ്ടെയ്നര്‍ കപ്പലില്‍നിന്ന് ജീവനക്കാരനെ താഴെയെത്തിച്ച് മാരിടൈം ബോര്‍ഡിന്റെ ടഗ്ഗിലാണ് വിഴിഞ്ഞത്തെ സീവേര്‍ഡ് വാര്‍ഫിലെത്തിച്ചത്.
സിങ്കപ്പൂരില്‍നിന്ന് ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്തേക്ക് പോകുകയായിരുന്ന സി.എം.എ. സി.ജി.എം. വെര്‍ദി എന്ന കണ്ടെയ്നര്‍ കപ്പലിലെ ഫിറ്ററും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ആദ്ല കാമേശ്വര റാവുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം നടന്നത്. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ ഇടതുകൈയിലെ കൈക്കുഴയില്‍ ആഴമേറിയ മുറിവുണ്ടായി. കപ്പലിലെ ക്യാപ്ടന്‍ റൊമാനിയന്‍ സ്വദേശി മനിയാ റാഡു ഡാനിയേലിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി.
എന്നാല്‍ രക്തസ്രാവം നിലയ്ക്കാത്തത്തിനെ തുടര്‍ന്നാണ് ജീവനക്കാരന് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം അധികൃതര്‍ക്ക് ക്യാപ്ടന്‍ വയര്‍ലെസ് സന്ദേശം അയച്ചത്. തുടര്‍ന്ന് കസ്റ്റംസ്, ഇമിഗ്രേഷന്‍ എന്നിവര്‍ക്ക് വിവരം കൈമാറി. രാത്രി ഏഴുമണിയോടെ മാരിടൈം ബോര്‍ഡിലെ പര്‍സര്‍ എസ്. വിനുലാല്‍, അസി. കണ്‍സര്‍വേറ്റര്‍ അജീഷ് മണി, കപ്പല്‍ ഏജന്‍സിയുടെ തിരുവനന്തപുരം മാനേജര്‍ അനു പ്രഭാകര്‍ ഉള്‍പ്പെട്ടവര്‍ ടഗ്ഗിലെത്തി.
പരിക്കേറ്റ ജീവനക്കാരനെ കപ്പലിലെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ ഗാങ് വേ എന്ന ഗോവണിയിലൂടെ അതീവ സുരക്ഷിതമായി ടഗ്ഗിലേക്ക് ഇറക്കി. തുടര്‍ന്ന് രാത്രി എട്ടരയോടെ സീവേര്‍ഡ് വാര്‍ഫിലെത്തിച്ചു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു. തീരത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സില്‍ ജീവനക്കാരനെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: kerala maritime board saved injured ship worker at vizhinjam port
Published: 19 Feb 2025, 10:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented