കൊല്ലം: അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും സംബന്ധിച്ച പരാതികളേറിയതോടെ ഡി.ടി.പി.സി.കൾക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുന്നു. ഡി.ടി.പി.സി.കളുടെ പ്രവർത്തനങ്ങൾക്ക് ഏകീകൃതരൂപമുണ്ടാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടി.
പ്രാദേശിക വിനോദസഞ്ചാരമേഖലകൾ കണ്ടെത്തി അവയുടെ വികസനത്തിനും നടത്തിപ്പിനും നേതൃത്വം നൽകുകയാണ് ജില്ലാ വിനോദസഞ്ചാരവികസന കൗൺസിലുകളുടെ (ഡി.ടി.പി.സി.) ചുമതല. വിനോദസഞ്ചാരവകുപ്പിന്റെ കാര്യമായ നിയന്ത്രണം കൗൺസിലുകളിലില്ല. കളക്ടർ ചെയർമാനായ എക്സിക്യുട്ടീവ് കമ്മിറ്റികളും, ഉപദേശകസമിതിയെന്ന നിലയിൽ പ്രവർത്തിക്കുന്ന ഗവേണിങ് ബോഡിയും ഡി.ടി.പി.സി.ക്കുണ്ട്. എന്നാൽ പല ജില്ലകളിലും കൗൺസിലിന്റെ യോഗങ്ങൾ കൃത്യമായി ചേരുകയോ ക്രിയാത്മകമായ തീരുമാനങ്ങളെടുക്കുകയോ ചെയ്യാറില്ല.
ഡി.ടി.പി.സി.കളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പാർക്കുകളുടെയും മറ്റും മേൽനോട്ടത്തിനും കരാറടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. ഇതിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി ആക്ഷേപമുണ്ട്. കോട്ടയത്ത് ഇല്ലിക്കൽകല്ലിൽ, ജീവനക്കാർ സ്വന്തമായി മെഷീൻവെച്ച് ടിക്കറ്റിന്റെ പണം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. കൗണ്ടറുകളിൽ ലഭിക്കുന്ന പണം കൃത്യമായി ബാങ്കുകളിൽ അടയ്ക്കാത്തതും പതിവാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ മേൽനോട്ടച്ചുമതലയുള്ളവർക്ക് സാമ്പത്തികലാഭമുണ്ടാകുംവിധം കരാർ നൽകുക, ആവശ്യത്തിലധികം ജീവനക്കാരെ നിയമിച്ച് കൗൺസിലിന് നഷ്ടമുണ്ടാക്കുക, വനഭൂമിയിലും പരിസ്ഥിതിപ്രാധാന്യമുള്ള മേഖലകളിലും അനധികൃതമായി നിർമാണം നടത്തുക എന്നിങ്ങനെ വിവിധ ജില്ലകളിലെ കൗൺസിലുകളെപ്പറ്റി പരാതിയുണ്ട്. ചിലയിടങ്ങളിൽ വിജിലൻസ് പരിശോധനയും നടന്നിട്ടുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പുരവഞ്ചികൾ, ബസുകൾ, കളിക്കോപ്പുകൾ, കെട്ടിടങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും കാര്യമായ നടപടികളില്ല. ഉപകരണങ്ങളടക്കമുള്ളവയെപ്പറ്റി കൃത്യമായ കണക്കുകളില്ലാത്തതും ഓഡിറ്റിങ് കാര്യക്ഷമമല്ലാത്തതും അഴിമതിക്കു കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൗൺസിലുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും നടത്തിപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനും സർക്കാർ ആലോചിക്കുന്നത്.
Content Highlights: Government plans to bring DTPCs under strict unified control to ensure transparency.
Published: 23 Nov 2026, 07:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented