തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.
ഒന്നാം ഘട്ടം-ഡിസംബര്‍ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം-ഡിസംബർ 10
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം-ഡിസംബർ 14
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.
കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബര്‍ 20ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 23നാണ്.
സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക ഗ്രാമപഞ്ചായത്തുകളില്‍ 1000, ബ്ലോക്ക്പഞ്ചായത്ത് 2000, ജില്ലാ പഞ്ചായത്ത് 3000, മുനിസിപ്പാലിറ്റി 2000, കോര്‍പ്പറേഷന്‍ 3000 എന്നിങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയും ഉയര്‍ത്തി. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ 1.5 ലക്ഷം രൂപയും ഇത്തവണ ചെലവഴിക്കാം.
941 പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. അഡീഷ്ണല്‍ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.
content highlights: local body election 2020, election commission
Published: 06 Nov 2020, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented