പയ്യോളി: തുറയൂർ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം-സിപിഐ പോരാട്ടം ശ്രദ്ധയാകർഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാന കൺവീനർ ടി.പി. രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിൽ ഉൾപ്പെടുന്ന തുറയൂർ ഗ്രാമപ്പഞ്ചായത്തിലാണ് മുന്നണി ബന്ധം തകർന്നടിഞ്ഞത്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിപിഎം പയ്യോളി എരിയാ സെക്രട്ടറിയുടെ സ്ഥലം കൂടിയാണ് തുറയൂർ. 14 സീറ്റുള്ള ഇവിടെ എട്ട് സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്നവയാണ് ഇതിൽ ആറും. ഇരുപാർട്ടികളുടെയും ലോക്കൽ സെക്രട്ടറിമാരും ഏറ്റുമുട്ടന്നവരിലുണ്ട്. ആർജെഡി പഞ്ചായത്ത് പ്രസിഡൻറ് മത്സരിക്കുന്നടിത്തും സിപിഐ സ്ഥാനാർഥിയുണ്ട്.

To advertise here,

സിപിഐ ലോക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് മറ്റ് സ്ഥാനാർഥികളും. ജില്ലയിൽ 25 വയസ്സിൽ താഴെ പ്രായമുള്ള സ്ഥാനാർഥികളിൽപ്പെടുന്ന എസ്.വി. വിസ്മയയും തുറയൂരിലെ സിപിഐ സ്ഥാനാർഥിയാണ്. അർഹതപ്പെട്ട സീറ്റ് അനുവദിക്കാത്തതാണ് ഒറ്റയ്ക്ക് രംഗത്തിറങ്ങാൻ സിപിഐയെ പ്രേരിപ്പിച്ചത്. പ്രത്യേകം വിശദീകരണ നോട്ടീസ് സിപിഐ ഇറക്കിയിട്ടുണ്ട്.

തുറയൂർ പഞ്ചായത്തിൽ മുന്നണിക്ക് പുറത്താണെങ്കിലും പഞ്ചായത്തിൽ ഉൾപെടുന്ന മേലടി ബ്ലോക്ക് പഞ്ചായത്തിലെ സീറ്റുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാർട്ടികൾ തമ്മിൽ ഐക്യവുമുണ്ട്. സിപിഎമ്മിന്റെ മുൻ ലോക്കൽ സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാക്കളുമാണ് സിപിഐയെ ഇവിടെ നയിക്കുന്നത്. സിപിഎം നേതൃത്വം വാതിൽ കൊട്ടിയടക്കാൻ ഇതാണ് പ്രധാനകാരണമെന്ന് പറയുന്നു.