തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ മഷിയിടാതെ നോക്കിയിട്ടും തന്റെ പേര് കാണാത്ത വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെ. മോഹൻദാസ് ചോദിക്കുന്നു -എവിടെപ്പോയി എന്റെ വോട്ട്?. തനിക്ക് വോട്ടില്ലെങ്കിലെന്ത്, ഭാര്യാസഹോദരൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കൊട്ടാരക്കരയിലും പത്തനാപുരത്തും രണ്ട് വോട്ടുള്ളതുകൊണ്ട് കുടുംബത്തിന് മൊത്തത്തിൽ വോട്ട് നഷ്ടമില്ലെന്ന് ‘ആശ്വസി’ക്കുകയാണ് അദ്ദേഹം. അധികാരികൾ പേരുവെട്ടിയെങ്കിലും കോടതി ഇടപെടലിലൂടെ സ്ഥാനാർഥിയായ വൈഷ്ണയ്ക്കാണ് തന്റെ സാങ്കല്പികവോട്ടെന്നും മോഹൻദാസ് പറയുന്നു.

To advertise here,

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ വോട്ടുചെയ്തു. വിരമിച്ചശേഷം സ്ഥിരതാമസത്തിന് മേൽവിലാസമാക്കിയത് കൊട്ടാരക്കരയാണ്. പക്ഷേ, ഇത്തവണ അവിടെ ഭാര്യ ഉഷാമോഹൻദാസിന് (മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ) മാത്രമേ വോട്ടുള്ളൂ. പേരുചേർക്കാൻ ഓൺലൈനായി അപേക്ഷിച്ചു. ആരും വിളിച്ചില്ല. സപ്ലിമെന്ററി പട്ടികയിലും വോട്ടില്ല -മോഹൻദാസ് പറഞ്ഞു. 30 വർഷംമുൻപ്‌ കേരളത്തിൽ തദ്ദേശവകുപ്പ് സെക്രട്ടറിയായിരിക്കേ പഞ്ചായത്തിരാജ്-നഗരപാലിക നിയമങ്ങൾ ഉണ്ടാക്കാൻ ഉറക്കമൊഴിഞ്ഞ ഐഎഎസുകാരനാണ് മോഹൻദാസ്.

കേന്ദ്ര വോട്ടർപട്ടികയിൽ പേരില്ലാത്തതിന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറ്റപ്പെടുത്തി പ്രചാരണം നടത്തിയതിന്റെ ഫലം ബിഹാറിൽ കണ്ടല്ലോയെന്ന് അദ്ദേഹം ചോദിക്കുന്നു. അതിനാൽ, ഇവിടെ വോട്ടില്ലാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനെയും കുറ്റപ്പെടുത്തുന്ന വിഡ്ഢിത്തത്തിന് താനില്ല. വോട്ട് ഇപ്പോൾ അവകാശമല്ല. ഉദ്യോഗസ്ഥരുടെ ഔദാര്യമാണ്. അതിനാൽ, ഈ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ കൃത്യതയും വോട്ടർമാരുടെ ജാഗ്രതയുമാണ് വേണ്ടത്.

മോഹൻദാസ് ഫെയ്‌സ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘‘ഡിസംബർ ഒൻപതിന് പോളിങ്‌ നടക്കുമ്പോൾ ഉഷ കൊട്ടാരക്കരയിൽ വോട്ടുചെയ്യും. എന്റെ വോട്ട് ഒരു മിത്താണ്, സാങ്കല്പികം. സങ്കല്പത്തിന് അതിരില്ലാത്ത സ്വാതന്ത്ര്യം ഉണ്ടല്ലോ. അതുകൊണ്ട് ഞാൻ തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടട വാർഡിൽ വോട്ടുചെയ്യും, വൈഷ്ണ എന്ന പെൺകുട്ടിക്ക്. അധികാരമുള്ളവർ അതിക്രമംകാട്ടി പട്ടികയിൽനിന്ന് പേരുവെട്ടിയ ദുരനുഭവത്തിലൂടെ കടന്നുപോയവൾ. അധികാരംകൊണ്ട് ജനത്തെ തോൽപ്പിക്കാൻ കഴിയരുത് എന്ന സന്ദേശം നൽകാൻ’’.

എസ്‌ഐആറിനെ എതിർക്കുമ്പോഴും പലകാരണങ്ങൾ പറഞ്ഞ് തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുവെട്ടുന്നത് ഒരിക്കൽക്കൂടി ചർച്ചയാവുകയാണ് മോഹൻദാസിന്റെ ഈ അനുഭവത്തിലൂടെ.