കോട്ടയം: ഏറെക്കാലം സമ്മർദംചെലുത്തി നേടിയെടുത്ത മണ്ണെണ്ണ വിതരണം കൃത്യമായി നടത്താത്തത് കേരളത്തിന് വിനയാകും. അനുവദിച്ച മണ്ണെണ്ണ മിച്ചംവരുന്നതാണ് പ്രശ്നം. അനുവദിച്ച അളവുമുഴുവൻ വിതരണം ചെയ്തില്ലെങ്കിൽ സംസ്ഥാനത്തിന്റെ ക്വാട്ട വെട്ടിക്കുറയ്ക്കും.

To advertise here,

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അനുവദിച്ച മണ്ണെണ്ണയിൽ ഏഴുലക്ഷം ലിറ്ററാണ് ബാക്കിയായത്. ഒക്ടോബർ-ഡിസംബർ പാദത്തിലേക്ക് 56.76 ലക്ഷം ലിറ്റർ അനുവദിച്ചിട്ടുമുണ്ട്. ഇതിന്റെ വിതരണം തുടങ്ങി. നിലവിൽ അരലിറ്ററാണ് കാർഡൊന്നിന് വിഹിതം. ഇത് ഒരുലിറ്ററാക്കിയാൽ അനുവദിച്ച മണ്ണെണ്ണ മുഴുവൻ കൊടുത്തുതീർക്കാം.

ഇപ്പോഴത്തെ പാദത്തിലും ഏഴുലക്ഷത്തോളം മിച്ചംവന്നാൽ വരുംമാസങ്ങളിൽ മുഴുവൻ വിഹിതം എടുത്ത് ശേഖരിക്കാനും പ്രയാസംവരും. ഏപ്രിൽ-ജൂൺ പാദത്തിൽ അനുവദിച്ച മണ്ണെണ്ണയിൽ 20 ശതമാനമേ ഏറ്റെടുത്ത് വിതരണം സാധിച്ചിട്ടുള്ളൂ. ബാക്കി 80 ശതമാനം അടുത്തവിഹിതത്തോടു ചേർത്ത് എടുക്കാൻ അനുവദിച്ചെങ്കിലും ഇത് പതിവു രീതിയാക്കാനാവില്ല.

സംസ്ഥാനത്തിന് ഇത്രയും മണ്ണെണ്ണ ആവശ്യമില്ലാത്തതിനാലാണ് ബാക്കിവരുന്നത് എന്ന വിലയിരുത്തലാണ് ഇത് ഉണ്ടാക്കുക. മുൻബാക്കി പിന്നീട് വിതരണം ചെയ്താൽ വില കൂടിയിട്ടുണ്ടെങ്കിൽ അത് നൽകേണ്ടിയുംവരും.

ഇൗ പാദംമുതൽ വില ലിറ്ററിന് ഒരുരൂപകൂടി കൂട്ടി 70 രൂപയാക്കി ഉയർത്തിയിട്ടുമുണ്ട്. ഫെബ്രുവരിമുതൽ ഇതുവരെ ഏഴുരൂപയാണ് ലിറ്ററിൽ വർധനവന്നത്. ഇന്ത്യൻ ഒായിൽ കോർപ്പറേഷന്റെ വിലവിവരപ്രകാരമാണ് മാറ്റം വരുത്തിയതെന്നാണ് പൊതുവിതരണ വകുപ്പിന്റെ വിശദീകരണം.