
ആരെയും അമ്പരപ്പിക്കുന്ന ചില പ്രവചനങ്ങൾ നടത്താറുണ്ട് ഇലോൺ മസ്ക്, ഭൂഖണ്ഡാന്തര യാത്ര നടത്തുന്നതിനുള്ള സ്റ്റാർഷിപ്പ് റോക്കറ്റും, കംപ്യൂട്ടറിനെ ചിന്തകൊണ്ട് നിയന്ത്രിക്കാനാവുന്ന ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് പദ്ധതികളും ചന്ദ്രനിലും ചൊവ്വയിലും മനുഷ്യരുടെ കോളനി സ്ഥാപിക്കുന്നതുമെല്ലാം അത്തരം ചില പ്രവചനങ്ങളായിരുന്നു. ആദ്യത്തെ രണ്ടെണ്ണത്തിനായുള്ള ശ്രമങ്ങൾ ഏറെക്കുറെ ഫലപ്രാപ്തിയിൽ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. അടുത്തിടെ എഐ സാങ്കേതിക വിദ്യയിലൂടെയും ബഹിരാകാശ ഗവേഷണത്തിലൂടെയും ഭാവിയിൽ അമരത്വം കൈവരിക്കാനാവുമെന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരിക്കൽ നമുക്ക് വാർധക്യത്തെപ്പോലും തോൽപ്പിക്കാനോ വേഗത കുറയ്ക്കാനോ അല്ലെങ്കിൽ പഴയപടിയാക്കാനോ ഒരുനാൾ സാധിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ടെസ് ല മേധാവി. ദാവോസിൽ നടന്ന ലോക എക്കോണമിക് ഫോറത്തിൽ ബ്ലാക്ക് റോക്ക് സി.ഇ.ഒ ലാറി ഫിങ്കുമായുള്ള സംഭാഷണത്തിനിടെയാണ് ഈ പ്രവചനം.
പ്രായമാകുന്നത് മനുഷ്യന്റെ അറിവിന് അപ്പുറമുള്ള രഹസ്യമൊന്നുമല്ലെന്ന് മസ്ക് പറഞ്ഞു. വാർധക്യത്തിന്റെ മൂലകാരണം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഇതിന് പരിഹാരം കാണുന്നത് താരതമ്യേന ലളിതമായിരിക്കുമെന്നും അതത്ര സങ്കീർണമായ ഒന്നല്ലെന്നും അദ്ദേഹം പറയുന്നു.
തന്റെ ചിന്താഗതി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു, "മനുഷ്യരുടെ ശരീരത്തിന് ഒരുപോലെയാണ് പ്രായമാകുന്നത്, ഒരാളുടെ ഇടതുകൈക്ക് പ്രായമാവുകയും വലതുകൈ പ്രായം കുറവായിരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങളിലുടനീളം വാർധക്യത്തെ ഏകോപിപ്പിക്കുന്ന ഏതോ ഒരു ആന്തരിക ഘടികാരം ഉണ്ടായിരിക്കാനിടയുണ്ട്." അദ്ദേഹം സൂചിപ്പിച്ചു.
അമരത്വത്തെ കുറിച്ച് സംസാരിച്ചതിന് ദിവസങ്ങൾക്ക് ശേഷമുള്ള മസ്കിന്റെ പുതിയ പ്രസ്താവന വലിയ ശ്രദ്ധനേടി. നേരത്തെ മസ്കിന്റെ എക്സ് എഐ വികസിപ്പിക്കുന്ന 'ഗ്രോക്കി പീഡിയ' എന്ന എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അമരത്വം ചർച്ചയായത്. ആളുകൾക്ക് അവരുടെ ജീവിതകഥകളും ഓർമകളും അനുഭവങ്ങളും ഒരു വലിയ ഡിജിറ്റൽ ശേഖരത്തിലേക്ക് അപ്‌ലോഡ് ചെയ്യാം. കാലക്രമേണ, ഈ വിവരങ്ങളുടെ പകർപ്പുകൾ ബഹിരാകാശത്തേക്കോ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അതിനപ്പുറത്തേക്കോ അയയ്ക്കാം. ശരീരം എന്നെന്നേക്കും നിലനിൽക്കുക എന്നതല്ല, മറിച്ച് ഒരു വ്യക്തിയുടെ കഥ അഥവാ മെമ്മറി ജീവിക്കും. കാലമേറെ കഴിഞ്ഞാലും ഈ വിവരങ്ങൾ പ്രപഞ്ചത്തിലുണ്ടാവും എന്നും മറ്റാരെങ്കിലും അത് കണ്ടെത്തുമെന്നും സങ്കൽപ്പമാണ് മസ്ക് മുന്നോട്ടുവെച്ചത്.
അതേസമയം ശാരീരികമായ ആയുസ് വർധിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സാധ്യമായ ഒന്നാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ആയുസ്സ് വർധിക്കുന്നതുകൊണ്ട് ദോഷങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിനും ചില ഗുണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ആളുകൾ വളരെയധികം കാലം ജീവിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് നിലയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശയങ്ങളും അധികാരവും സംവിധാനങ്ങളും ഒരേപടി നിലനിൽക്കുന്നത് ലോകത്തിന്റെ ഊർജസ്വലത ഇല്ലാതാക്കും. അത് ലോകത്തെ മന്ദീഭവിപ്പിക്കുമെന്നും മസ്ക് ദാവോസിൽ നടന്ന സംഭാഷണത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഒട്ടേറെ നിരീക്ഷണങ്ങൾ നടത്തിയെങ്കിലും വാർധക്യം എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളോ സമയക്രമമോ മസ്ക് വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Elon Musk Predicts Science Can Reverse Aging and Defeat Death
Published: 24 Jan 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented