കോഴിക്കോട്: വീട്ടുമുറ്റത്തേക്ക് കുതിരച്ചാണകം ഇട്ടതു ചോദ്യംചെയ്ത വീട്ടമ്മയെ അയൽവാസി വെടിവെച്ചു. വെസ്റ്റ്ഹിൽ ബി.ജി. റോഡ് സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ രാജന്റെ ഭാര്യ പുഷ്പ(60)യ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ കരുവിശേരി മുണ്ടിയാളി ഷിംജിത്ത്(40) നെ അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.

To advertise here,

എയർപിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചത്. പുഷ്പയുടെ വയറിന്റെ വലതുഭാഗത്തും ഇടതു നെഞ്ചിനുമാണ് ഗുരുതരപരിക്കേറ്റത്. ആദ്യം ബീച്ച് ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം ഇവരെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽകോളേജിലേക്ക് മാറ്റ‌ി.

ഷിംജിത്തിന്റെ ബി.ജി. റോഡിലുള്ള വീടിന് സമീപത്താണ് പുഷ്പലത താമസിക്കുന്നത്. ഷിംജിത്തും പുഷ്പലതയുടെ വീട്ടുകാരും തമ്മിൽ നേരത്തേ പല കാരണങ്ങളാൽ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. പുഷ്പയുടെ മുറ്റത്ത് ഷിംജിത്ത് കുതിരച്ചാണകം ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തിലാണ് ഇയാൾ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ഷിംജിത്തിന്റെ വീട്ടിൽ രണ്ട് കുതിരകളെ വളർത്തുന്നുണ്ട്. പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോടു ചേർന്നുള്ള സ്ഥലത്താണ് കുതിരലായം കെട്ടിയത്. ഇവിടെ സ്ഥലം തികച്ചും വൃത്തിഹീനവും ദുർഗന്ധംവമിക്കുന്ന രീതിയിലുമാണ്. ഇതിനെ പലവട്ടം പുഷ്പയും വീട്ടുകാരും നാട്ടുകാരുംചേർന്ന് ചോദ്യംചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. ഷിംജിത്ത് കുതിരകളെ വേണ്ടവിധം പരിപാലിക്കാത്തതിനാലും ഭക്ഷണം നൽകാത്തതിനാലും പലപ്പോഴും നാട്ടുകാരാണ് കുതിരയ്ക്ക് ഭക്ഷണവും വെള്ളവും നൽകാറുള്ളത്. ഷിംജിത്ത് അയൽവാസികളുമായി നിരന്തരം വാക്കേറ്റവും തർക്കവും ഉണ്ടാക്കാറുണ്ടെന്നും പറയുന്നു.

ഒരാഴ്ച മുൻപും നാട്ടുകാരും ഷിംജിത്തും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നാലു വർഷം മുൻപ് ഷിംജിത്തിന്റെ മോട്ടോർസൈക്കിൾ വീട്ടുപരിസരത്തുവെച്ച് കത്തിപ്പോയിരുന്നു. ഇതിന്റെപേരിൽ പുഷ്പയുടെ വീട്ടുകാരുടെപേരിൽ ഷിംജിത്ത് പരാതി നൽകിയിരുന്നു. നിലവിൽ കോടതിയിൽ നിയമനടപടികൾ തുടരുകയാണ്.

ഭട്ട്‌റോഡിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ ഫ്ളാറ്റിന്റെ ഇൻഡസ്ട്രിയൽ ജോലി ചെയ്തുവരികയാണ് ഷിംജിത്ത്. വെള്ളയിൽ പോലീസ് ഷിംജിത്തിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.