തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ ഇടപെടുന്നതിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര ആർലേക്കർ പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പി.എസ്.സി. സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തി ഗവർണറെക്കണ്ടത്. എന്നാൽ, സെക്രട്ടറിയെ വിളിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്ഭവന്റെ പക്ഷം.

To advertise here,

പരീക്ഷാക്രമക്കേട് പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ആരാഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പി.എസ്.സി. സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പി.എസ്.സി. ആഭ്യന്തര ഇന്റലിജൻസ് അന്വേഷിച്ചു നടപടിയെടുക്കാറുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

ക്രമക്കേടുകളുടെ പേരിൽ ഝാർഖണ്ഡിലും കർണാടകയിലും പി.എസ്.സി. ചെയർമാൻമാരുടെ കസേര തെറിച്ചിരുന്നു. ഇതേ മാതൃകയിൽ കേരളത്തിലും നടപടിയെടുക്കാൻ ഉദ്ദേശിച്ച് ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. പി.എസ്.സി. ക്രമക്കേടുകളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി, സുപ്രീംകോടതിയെക്കൊണ്ട് അന്വേഷണംനടത്തിക്കാനുള്ള സാധ്യത തേടിയാണ് ഈ നടപടി.

സംസ്‌കൃത സർവകലാശാലാ വി.സി. ഡോ. സിസാ തോമസിനെതിരേ നടന്ന പ്രതിഷേധത്തിൽ പോലീസ് നടപടി വൈകിയപ്പോൾ ഡി.ജി.പി.യെ ഗവർണർ വിളിച്ചു വരുത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇതിനെ വിമർശിച്ചിരുന്നു.