കൊച്ചി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഇംഗ്ലീഷിൽ ഹൈക്കോർട്ട് ഓഫ് കേരള എന്ന് എഴുതുന്നതിനു മാറ്റം ഉണ്ടാകില്ല. മലയാളത്തിൽ കേരള ഹൈക്കോടതി എന്നാണ് എഴുതുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ, ഇംഗ്ലീഷിൽ 'ഹൈക്കോർട്ട് ഓഫ് കേരളം' എന്നാക്കണമെങ്കിൽ പാർലമെന്റിൽ നിയമം പാസാക്കണം.
ഹൈക്കോടതിയുടെ പേരുമാറ്റണമെങ്കിൽ ആദ്യ നടപടി ഉണ്ടാകേണ്ടത് സംസ്ഥാന സർക്കാരിൽനിന്നാണ്. ഇതിനെ ഹൈക്കോടതിയും പിന്തുണയ്ക്കണം. ശുപാർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതിന് തുടർച്ചയായി പാർലമെന്റിൽ നിയമവും പാസാക്കി ഗസറ്റിൽ പ്രസിദ്ധീകരിക്കണം.മദ്രാസ്, ബോംബെ തുടങ്ങിയ ഹൈക്കോടതികളുടെ പേരുകൾ യഥാക്രമം ചെന്നൈ, മുംബൈ എന്നിങ്ങനെയാക്കാൻ 2016-ൽ പാർലമെന്റിൽ ബില്ലുകൊണ്ടുവന്നെങ്കിലും ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ പാസാക്കാനായിരുന്നില്ലെന്ന് ഹൈക്കോടതി അഭിഭാഷകനായ ജസ്റ്റിൻ മാത്യു പറഞ്ഞു.
സേവാതീർഥിലെ ആദ്യതീരുമാനം 'കേരളം'
ന്യൂഡൽഹി: നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നത് 'കേരളം' ആക്കിമാറ്റാനുള്ള സംസ്ഥാന നിയമസഭയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. 2024 ജൂൺ 24-ന് നിയമസഭ പാസാക്കിയ പ്രമേയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽച്ചേർന്ന മന്ത്രിസഭായോഗം രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർഥിൽച്ചേർന്ന ആദ്യമന്ത്രിസഭായോഗത്തിന്റെ പ്രഥമതീരുമാനമാണിതെന്ന സവിശേഷതയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെയാണ് കേന്ദ്രതീരുമാനം. 2023-ലും കേരള നിയമസഭ സമാന പ്രമേയം പാസാക്കിയെങ്കിലും അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയക്കുകയായിരുന്നു.
'കേരള പേര് മാറ്റൽ ബിൽ-2026' ഭരണഘടനാ അനുച്ഛേദം മൂന്ന് പ്രകാരം സംസ്ഥാനനിയമസഭയുടെ അംഗീകാരത്തിനായി രാഷ്ട്രപതി കൈമാറും. നിയമസഭയുടെ അഭിപ്രായം ലഭിച്ചശേഷം രാഷ്ട്രപതിയുടെ അനുമതിയോടെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കണം. ഈ നടപടിക്രമങ്ങൾ പൂർത്തിയായാലേ പേരുമാറ്റം പ്രാബല്യത്തിലാകൂ.
കേരള നിയമസഭയുടെ പ്രമേയം ഇപ്പോൾ അംഗീകരിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടിട്ടാണോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പുണ്ടായപ്പോഴല്ല കേരളത്തിന് ഇതിനുമുൻപ് പദ്ധതികൾ പ്രഖ്യാപിച്ചതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് മറുപടിനൽകി.
അനുച്ഛേദം മൂന്ന്
സംസ്ഥാനങ്ങളുടെ ഭൂപ്രദേശം, അതിർത്തി, പേര് എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്കായുള്ള ബിൽ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ പാർലമെന്റിന് പാസാക്കാമെങ്കിലും അതിന്മേൽ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അഭിപ്രായം തേടണമെന്നാണ് അനുച്ഛേദം മൂന്നിൽ.
കേരളത്തിന്റെ പ്രമേയത്തിലുള്ളത്
'സ്വാതന്ത്ര്യസമര കാലംതൊട്ട് മലയാളഭാഷ സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപവത്കരിക്കണമെന്നാവശ്യം ശക്തമായിരുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായി. പക്ഷേ, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ്. അതിനാൽ ഭരണഘടനാ അനുച്ഛേദം മൂന്ന് പ്രകാരം ഭേദഗതിവരുത്തി പേര് കേരളം എന്നാക്കാൻ അടിയന്തരനടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിയമസഭ ഏകകണ്ഠമായി അഭ്യർഥിക്കുന്നു'.
Content Highlights: Kerala`s name change approved, but `High Court of Kerala` in English remains unless Parliament passes a new law. Learn why.
Published: 25 Feb 2026, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented