കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം സംബന്ധിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന അധ്യാപക നിയമനം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. അധ്യാപക നിയമനത്തില്‍ നെക്‌സസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമനം സുതാര്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

To advertise here,

എയ്ഡഡ് സ്‌കൂളുകളിലെ പത്ത് അധ്യാപകര്‍ അവരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് എയ്ഡഡ് നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്. അധ്യാപകരെ നിയമിക്കുന്നത് എങ്ങനെയാണെന്നും എന്ത് മാനദണ്ഡമാണ് ഇതിന് അടിസ്ഥാനമാക്കുന്നതെന്നും കോടതി ചോദിച്ചു. 

നിലവിലെ നിയമനരീതി എങ്ങനെ, ഇതില്‍ മാനേജര്‍മാര്‍ക്കുള്ള അധികാരങ്ങള്‍ എന്തൊക്കെ, സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള അധികാരം എന്ത്, ഭാവിയില്‍ എയ്ഡഡ് നിയമനങ്ങള്‍ സുതാര്യമായി നടത്തുന്നതിന് ഏന്ത് തിരഞ്ഞെടുപ്പ് പ്രക്രിയയായിരിക്കണം നടപ്പാക്കേണ്ടത്- തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കണം.

ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരുപതാം തീയതിക്കകം സത്യവാങ്മൂലം നല്‍കണം. അല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

അധ്യാപക നിയമനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഇവിടെ ഒരു 'നെക്‌സസ്' പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാനേജര്‍മാര്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഈ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.