
തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാരിന്റെ വിജയമുറപ്പിക്കുന്ന ഹൈക്കോടതിവിധി വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ വഴിത്തിരിവാകും. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ നിലവില്‍ സ്ഥിരം വിസിമാരില്ല. ആരോഗ്യ സര്‍വകലാശാലയില്‍ മാത്രമാണ് വിസിയുള്ളത്. വിധിക്കുപിന്നാലെ എല്ലായിടത്തും സ്ഥിരം വിസി നിയമനത്തിന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കും. ഗവര്‍ണര്‍-സര്‍ക്കാര്‍ സമവായമുണ്ടായാല്‍ അനിശ്ചിതത്വം നീങ്ങും.
കെടിയുവിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വിസിമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ രണ്ടുദിവസത്തിനുള്ളില്‍ ഗവര്‍ണര്‍ക്ക് പട്ടികനല്കും. അമേരിക്കയിലെ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ച മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാവും ഇത്. കോടതിവിധിയനുസരിച്ച് ഈ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ക്ക് വിസിമാരെ നിയമിക്കേണ്ടിവരും.
രണ്ടിടത്തും ആറുമാസത്തിനുള്ളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചില്ലെങ്കില്‍, ആ ഘട്ടത്തിലേക്കു കടക്കേണ്ടിവരും. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ആര് രൂപവത്കരിക്കണമെന്ന തര്‍ക്കവും ആശയക്കുഴപ്പവും തീര്‍ന്നിട്ടില്ല. കെടിയുവില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ കഴിഞ്ഞവര്‍ഷം ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ വകുപ്പും വെവ്വേറെ വിജ്ഞാപനം പുറപ്പെടുവിച്ചത് തര്‍ക്കത്തിലാണ്. ഇരുകൂട്ടരും സമവായ വഴി സ്വീകരിച്ചാല്‍ മുഴുവന്‍ സര്‍വകലാശാലകളിലും വിസി നിയമനങ്ങള്‍ക്ക് സാധ്യതതെളിയും.
താത്കാലിക വിസി നിയമനം നിയമപരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവെച്ചു.
വിദ്യാര്‍ഥികളുടെയും സര്‍വകലാശാലയുടെയും ഉത്തമതാത്പര്യം കണക്കിലെടുത്ത് ചാന്‍സലര്‍കൂടിയായ ഗവര്‍ണറും സര്‍ക്കാരും വിസിമാരുടെ സ്ഥിരംനിയമനത്തിനായി താമസംകൂടാതെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഇതോടെ, നിലവിലെ താത്കാലിക വിസിമാരായ ഡോ. കെ. ശിവപ്രസാദിനും ഡോ. സിസാ തോമസിനും തുടരാനാകില്ല. ഇരുവരുടെയും കാലാവധി മേയ് 27-ന് കഴിഞ്ഞിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഗവര്‍ണറും താത്കാലിക വിസിമാരും നല്കിയ അപ്പീലുകള്‍ തള്ളിയാണ് ഉത്തരവ്.
മുന്ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ കണക്കിലെടുക്കാതെ താത്കാലിക വിസി നിയമനം നടത്തിയത്.
സര്‍വകലാശാലയുടെ നാഥന് എന്നനിലയില്‍ വിസിയാണ് തലവനും കരുത്തും. വിസിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് വിദ്യാര്‍ഥികളുടെ താത്പര്യത്തിന് എതിരാകുമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
സാങ്കേതികസര്‍വകലാശാലയില്‍
സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് താത്കാലിക വിസിമാരെ നിയമിക്കാന്‍ കഴിയുക. ഇതിനായുള്ള സര്‍വകലാശാലാ നിയമത്തിലെ വകുപ്പുകള്‍ യുജിസി ചട്ടങ്ങള്‍ക്ക് എതിരല്ലെന്നും കോടതി വിലയിരുത്തി. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മറ്റേതെങ്കിലും സര്‍വകലാശാലയുടെ വിസിയെയോ സര്‍വകലാശാലയുടെതന്നെ പ്രോ വൈസ് ചാന്‍സലറെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ ആണ് താത്കാലിക വിസിയായി നിയമിക്കേണ്ടത്.
ഡിജിറ്റല്‍ സര്‍വകലാശാലയില്‍
ഡിജിറ്റല്‍ സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശയില്‍ മറ്റേതെങ്കിലും സര്‍വകലാശാലയുടെ വിസിയെയോ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറിയെയോ ആണ് താത്കാലിക വിസിയായി നിയമിക്കേണ്ടത്. ആറുമാസത്തേക്കുള്ള ഈ നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ ബാധകമല്ല.
ഇടപെടാതെ ഗവര്‍ണറും സര്‍ക്കാരും
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍-സിന്‍ഡിക്കേറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ രണ്ടാഴ്ചയായി ഭരണം സ്തംഭിച്ചിട്ടും ഇടപെടാതെ ഗവര്‍ണറും സര്‍ക്കാരും. പിജി പ്രവേശനം തടസ്സപ്പെട്ടതും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി.
അതിനിടെ, സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഓഫീസിലെത്തുന്നത് തടയണമെന്നും സര്‍വകലാശാലയിലെത്താന്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വിസി ഡോ. മോഹനന് കുന്നുമ്മേല്‍ തൃശ്ശൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്ലേക്കറെകണ്ട് ആവശ്യപ്പെട്ടു.
അന്തരീക്ഷം സമാധാനപൂര്ണമായാലേ, സിന്‍ഡിക്കേറ്റ് വിളിക്കുന്നതടക്കമുള്ള നടപടികളെടുക്കാനാവൂവെന്ന നിലപാടിലാണ് വിസി.
ജൂണ്‍ 30-നുശേഷം വിസി സര്‍വകലാശാലയില്‍ വന്നിട്ടില്ല. രജിസ്ട്രാറുടെ സസ്പെന്ഷന് സിഡിക്കേറ്റ് പിന്‍വലിച്ചെങ്കിലും വിസി അംഗീകരിച്ചില്ല. ബദല്‍ രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ചെങ്കിലും അവര്‍ക്ക് ഇ-ഫയല്‍ ലഭ്യമാക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ തയ്യാറല്ല.
Content Highlights: Kerala High Court`s ruling on Governor-government dispute paves way for permanent VC appointments
Published: 15 Jul 2025, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented