കൊച്ചി: സര്ക്കാരിനെതിരായ വിമര്ശനങ്ങളും വിയോജിപ്പും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കരുതെന്നും നേരിട്ട് നല്കുന്നതാണ് നല്ലതെന്നും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിനെതിരേ രജിസ്റ്റര് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് വി.ജി.അരുണിന്റേതാണ് ഉത്തരവ്.

To advertise here,

ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ട്. വിമർശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുൾപ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുജീവിത ക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാകുക. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സാമൂഹികമാധ്യമത്തിലെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെന്ട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ഹർജിക്കാരനെതിരേ ചുമത്തിയിരുന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയമത്തിൽപറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിഷയമോ ഈ കേസിൽ ഇല്ലെന്നും വിലയിരുത്തിയാണ് തുടർനടപടികൾ റദ്ദാക്കിയത്.

കേസ് ഇങ്ങനെ

2019 ഓഗസ്റ്റ് 11-ന് ഹർജിക്കാരൻ സാമൂഹികമാധ്യമത്തിൽ എഴുതിയതാണ് കേസിനാധാരമായത്. എന്തെങ്കിലും സഹായം ചെയ്യാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേരിട്ട് ചെയ്യുന്നതാണ് നല്ലത്. പണം നേരിട്ട് കിട്ടാത്തതിൽ പിണറായി അസ്വസ്ഥനാണെന്നും നല്കിയാൽ അത് തട്ടിയെടുക്കുമെന്നും അർഥമാക്കുന്ന തരത്തിലായിരുന്നു സാമൂഹികമാധ്യമത്തിലെ എഴുത്തെന്ന് ഉത്തരവിൽ പറയുന്നു.
ഐപിസി പ്രകാരം പൊതുശല്യത്തിനുള്ള വകുപ്പ്, പോലീസ് നിയമപ്രകാരം അവശ്യസേവനത്തിന് ഹാനി സൃഷ്ടിക്കൽ തുടങ്ങിയവ ചുമത്തി എറണാകുളം സെന്ട്രൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില് അന്തിമ റിപ്പോർട്ട് നല്കിയ സാഹചര്യത്തിലാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാരിനെ വിമർശിക്കുന്നതിന് ഏതൊരു പൗരനും അവകാശമുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. അതിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടികൾ ശരിയല്ല. ന്യായീകരിക്കാനാകാത്ത കാരണങ്ങളുടെ പേരിൽ ഭരണഘടന ഉറപ്പുനല്കുന്ന അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കരുതെന്നും വാദമുന്നയിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സഹായം ആവശ്യപ്പെട്ടതെന്നും സർക്കാരിന്റെ ഉദ്യമത്തെ തകിടംമറിക്കുന്നതിനുള്ള ശ്രമമാണ് ഹർജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സർക്കാർ അഭിഭാഷകൻ വാദമുന്നയിച്ചു. ഹർജി അനുവദിച്ച കോടതി ഹർജിക്കാരനെതിരേ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കുകയായിരുന്നു. ദുരിതാശ്വാസനിധിയ്ക്കെതിരേ അപവാദപ്രചരണത്തിന്റെ പേരിൽ പോലീസ് വിവിധ സ്ഥലങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

കോടതി പറഞ്ഞത്

സർക്കാരിന്റെ പ്രവർനത്തെയും ഉന്നത പദവിയിലിരിക്കുന്നവരെയും വിമർശിക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ മതിയായ കാരണമല്ല. പൗരൻ ഒരു അഭിപ്രായം പറയുന്നത് മൂലം സർക്കാർ സംരംഭത്തിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുടെ പേരിൽ നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല. സർക്കാർ നടപടികളെ വിമർശിക്കുന്നതിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൽനിയന്ത്രണം കൊണ്ടുവരാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിഷയങ്ങളോ ഇതിലില്ലെന്നും കോടതി വിലയിരുത്തി.
ഹർജിക്കാരനായി അഡ്വ. സുവിൻ ആർ. മേനോൻ ഹാജരായി.