തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതിയായ കെ.എ. രതീഷിന് ഉന്നതപദവികളിൽ തുടരാൻ അനുവദിച്ച് കേരളാ സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ സ്ഥാനത്തും രതീഷിനെ തുടരാൻ സർക്കാർ അനുവദിച്ചു.

To advertise here,

500 കോടി രൂപയുടെ അഴിമതി നടന്നതായി സി.ബി.ഐ. കണ്ടെത്തിയ സമീപകാലത്തെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണിത്. കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (സിഡിസി) മുൻ എം.ഡി. കെ.എ. രതീഷിനും മുൻ ചെയർമാനും ഐ.എൻ.ടി.യു.സി. നേതാവുമായ എ. ചന്ദ്രശേഖരനും എതിരെയാണ് കേസിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത്. 10 വർഷത്തെ അന്വേഷണത്തിനൊടുവിൽ 2020ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

കോടികളുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ ഒരാളെ ഉന്നതപദവിയിൽ തുടരാൻ അനുവദിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ഇയാൾക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് വിമർശനം. ഖാദി ബോർഡിന് കീഴിലുള്ള നിരവധി സഹകരണ സംഘങ്ങളുടെയും സൊസൈറ്റികളുടെയും രജിസ്ട്രാറായി ഖാദി ബോർഡ് സെക്രട്ടറിക്ക് പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ, മുതിർന്ന റാങ്കിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ചട്ടം. എന്നാൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത 60 വയസ്സ് കഴിഞ്ഞ കെ.എ. രതീഷിനെ ഈ ചട്ടം ലംഘിച്ചാണ് നിയമിച്ചിരിക്കുന്നത്.

കെ.എ. രതീഷിനും എ. ചന്ദ്രശേഖരനുമെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിന് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത് കൊണ്ടാണ് സർക്കാരിന്റെ അനുമതി ആവശ്യമായി വരുന്നത്. പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് കോടതി മൂന്നു വട്ടം പറഞ്ഞിട്ടും സർക്കാർ അനുവദിച്ചില്ല. ഇതേത്തുടർന്ന്, കോടതി അലക്ഷ്യ ഹർജിയുമായി ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എ. ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി.യുടെ (കോൺഗ്രസിന്റെ) പ്രധാന നേതാവാണ്. മുഖ്യമന്ത്രിയുമായി ചന്ദ്രശേഖരനുള്ള അടുപ്പം പല ഘട്ടങ്ങളിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ പോലും വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.