ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി.സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കത്തിന് മഞ്ഞുരുക്കം. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിൽ നടക്കുന്ന മന്നംജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും സുകുമാരൻ നായർ അറിയിച്ചു. 'മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചു, കത്തയക്കുകയും ചെയ്തു. വരാമെന്ന് മറുപടി നൽകുകയും ചെയ്തു' സുകുമാരൻ നായർ പറഞ്ഞു. 'നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു' സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിന് ശേഷമാണ് വി.ഡി.സതീശൻ പെരുന്നയിലെത്തുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുന്നത്.
'തിണ്ണ നിരങ്ങലിൽ' തുടങ്ങിയ തർക്കം
2021-ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി.ഡി.സതീശൻ നടത്തിയ പ്രസ്താവനയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായുള്ള പരസ്യ തർക്കങ്ങളുടെ തുടക്കം. രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ 'തിണ്ണ നിരങ്ങാൻ' പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിച്ചു. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും അകൽച്ച വർധിപ്പിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിലുള്ള പോര് വീണ്ടും പരസ്യമായി. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെ സുകുമാരൻ നായർ രംഗത്തെത്തി. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് വിജയിച്ചതിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ സുകുമാരൻ നായർ പരസ്യമായി രംഗത്തുവന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ജി. സുകുമാരൻ നായർ ഇക്കഴിഞ്ഞ ജൂണിൽ ആരോപിച്ചിരുന്നു. സതീശനെ അഹങ്കാരിയെന്നും വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നപ്പോൾ പിന്നീട് തിരിച്ചുവിളിച്ച് സൗഹാർദപരമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.
Content Highlights: CM VD Satheesan and NSS General Secretary G Sukumaran Nair resolved their differences after five years., Sukumaran Nair invited Chief Minister VD Satheesan to the Mannam Jayanthi celebrations at Perunna., The rift originated in 2021 over Satheesan's 'thinna nirangal' remark regarding political leaders visiting community headquarters.
Published: 13 Nov 2026, 10:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented