ന്യൂഡൽഹി: വർഷങ്ങളായി നിലനിൽക്കുന്ന മതാചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് മത പണ്ഡിതർ, സമൂഹ പരിഷ്കർത്താക്കൾ എന്നിവരുടെ നിലപാട് കോടതികൾ കണക്കിലെടുക്കണമെന്ന് കേരളം. ശബരിമലയിലെ മുൻകാല അനുഭവങ്ങളും, സ്ത്രീകളായ ഭക്തരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും ഇക്കാര്യം ബോധ്യമാക്കിയെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നേരിട്ട് മറുപടി നൽകാതെയാണ് സംസ്ഥാന സർക്കാരിന്റെ 12 പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലം. എന്നാൽ, യുവതീ പ്രവേശന വിഷയത്തിൽ 2007 നവംബറിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലെ ചില ഭാഗങ്ങൾ വീണ്ടും ഉദ്ധരിച്ച് കൊണ്ടാണ് സർക്കാർ തങ്ങളുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ദീർഘകാലമായി വിശ്വാസങ്ങളോട് ബന്ധപ്പെട്ട് പിന്തുടരുന്ന ഏതെങ്കിലും മതാചാരത്തെക്കുറിച്ചുള്ള ജുഡീഷ്യൽ പരിശോധന നടത്തുമ്പോൾ, ആ മതത്തിലെ പ്രശസ്ത പണ്ഡിതരുടെയും പ്രശസ്ത സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായങ്ങൾ വ്യാപകമായി തേടുകയും അവരുമായി ആലോചിക്കുകയും ചെയ്തശേഷം മാത്രമേ കോടതി തീരുമാനമെടുക്കാവൂ എന്ന നിലപാടാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇത്തരം വിഷയങ്ങളിൽ കോടതി നിഷ്പക്ഷമായ നിലയിൽ, സാമൂഹിക പരിഷ്കർത്താക്കളുടെയും പണ്ഡിതരുടെയും അഭിപ്രായങ്ങൾ വിലയിരുത്തിയശേഷം തീരുമാനം കൈക്കൊള്ളണമെന്ന നിലപാടാണ് കേരളം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട മുൻ അനുഭവങ്ങളും അതിനോടുള്ള സ്ത്രീഭക്തരുൾപ്പെടെ ഭക്തജനങ്ങളുടെ പ്രതികരണവും ഈ നിലപാട് സ്വീകരിക്കുന്നതിന് കാരണമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഒരു മതവിഭാഗത്തിന്റെയോ മതസമൂഹത്തിന്റെയോ അംഗമല്ലാത്ത ഒരാൾക്ക് ആ മതവിഭാഗത്തിന്റെ ഒരു ആചാരത്തെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാൻ മതിയായ താൽപര്യമുണ്ടെന്ന് സാധാരണയായി കരുതാനാകില്ല എന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനം ഒരു മതാചാരത്തിന്റെ പേരിൽ നടക്കുന്നതായി കണ്ടെത്തിയാൽ, ആ മതവിഭാഗത്തിന്റെയോ മതസമൂഹത്തിന്റെയോ അംഗമല്ലാത്ത ഒരാൾക്കും അത്തരം മതാചാരം ചോദ്യം ചെയ്യാൻ മതിയായ അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വി മനു, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ നടത്തിയ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തത്.