തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്ത വിവരം മാധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

To advertise here,

എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഇത്തരം ഒരു യോഗം ചേർന്നതിലുള്ള സർക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സ്‌ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു' മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തിരുന്നു. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിനെത്തുകയും ചെയ്തു. വി.സി.മാരുടെ യോഗം ഗവർണർ വിളിക്കാറുണ്ട്. ബില്ലുകളിലോ ക്രമസമാധാനപ്രശ്‌നങ്ങളിലോ വ്യക്തതതേടാൻ ചീഫ് സെക്രട്ടറിയെയോ ഡി.ജി.പി.യെയോ ഒക്കെ വിളിപ്പിക്കാറുമുണ്ട്. പക്ഷേ, ഒരു പരിപാടിയുടെ നടത്തിപ്പിനായി നേരിട്ട് യോഗം വിളിച്ചുചേർക്കാറില്ല. സർക്കാരിന്റെ ഭരണകാര്യത്തിൽ ഇടപെട്ട് ഗവർണറുടെ അസാധാരണ നടപടി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.