ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിർണ്ണായക നീക്കവുമായി ചാൻസലർ കൂടിയായ ഗവർണർ. വിസി നിയമനത്തിനായി മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിയ ഗവർണർ ഡോ സിസ തോമസിനെയും ഡോ പ്രിയ ചന്ദ്രനെയും വൈസ് ചാൻസലർമാരായി ശുപാർശ ചെയ്തു. സാങ്കേതിക സർവ്വകലാശാല വൈസ്ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാല വൈസ്ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയുമാണ് ശുപാർശ ചെയ്തത്.
ഇക്കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഗവർണർ- സർക്കാർ പോര് രൂക്ഷമാകും. ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലർക്ക് കൈമാറിയ മുൻഗണന പാനലിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഡോ. സജി ഗോപിനാഥ് ആണ്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ ഡോ. സി. സതീഷ് കുമാർ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ, ഈ രണ്ട് പേരുകളും തള്ളിയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ഡോ. സിസ തോമസിനെയും, ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാൻസലർമാരായി നിയമിക്കാൻ തീരുമാനിച്ചത്. രണ്ട് സർവ്വകലാശാലകളിലും സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ സിസ തോമസിന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ, സിസ തോമസിനെ വൈസ് ചാൻസലർ ആയി നിയമിക്കരുതെന്ന് മുഖ്യമന്ത്രി ഗവർണറോട് നിർദേശിച്ചിരുന്നു.
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലർക്ക് കൈമാറിയ മുൻഗണന പാനലിൽ നാല് പേരുകളാണ് ശുപാർശ ചെയ്തത്. അതിൽ ആദ്യ പേരുകാരൻ ഡോ. സജി ഗോപിനാഥ് ആണ്. ഡോ. രാജശ്രീ എം.എസ്., ഡോ. ജിൻ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവരാണ് മുൻഗണന പട്ടികയിൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ളത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ മൂന്ന് പേരുകൾ ആണ് ശുപാർശ ചെയ്തിരിക്കുന്നത്. ഡോ. സി. സതീഷ് കുമാർ ആണ് മുൻഗണന പട്ടികയിൽ ഒന്നാമൻ. ഡോ. ബിന്ദു ജി.ആർ., ഡോ. പ്രിയ ചന്ദ്രൻ എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.
സിസ തോമസിന് എതിരെ മുഖ്യമന്ത്രി നൽകിയ വിയോജന കുറിപ്പ്
ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശകളിലെ വൈസ് ചാൻസലർ നിയമനത്തിന് ജസ്റ്റിസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിൽ ഉള്ള സെർച്ച് കമ്മിറ്റി തയ്യാറാക്കിയ രണ്ട് പട്ടികയിലും സിസ തോമസിന്റെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ, വൈസ് ചാൻസലർ ആയി നിയമിക്കാനുള്ള അർഹത ഇല്ലെന്ന് ഗവർണർക്ക് കൈമാറിയ കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബർ 14-ആം തീയ്യതിയാണ് ചാൻസലർ കൂടിയായ ഗവർണർക്ക് വൈസ് ചാൻസലർ നിയമനവും ആയി ബന്ധപ്പെട്ട പാനലിന്റെ മുൻഗണന ക്രമം നിശ്ചയിച്ച് കൊണ്ടുള്ള പട്ടിക മുഖ്യമന്ത്രി കൈമാറിയത്.
ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശകൾക്കായി തയ്യാറാക്കിയ രണ്ട് പട്ടികകളിലും സിസ തോമസിന്റെ പേര് ഉണ്ട്. ഡിജിറ്റൽ സർവ്വകലാശാലയിൽ അഞ്ചാമതായും സാങ്കേതിക സർവ്വകലാശാലയിൽ നാലാമതായും ആണ് സിസയുടെ പേര് ഉള്ളത്. എന്നാൽ, ഈ പേര് വൈസ് ചാൻസലർ നിയമനത്തിനായി ശുപാർശ ചെയ്യുന്നില്ലെന്ന് ഗവർണർക്ക് കൈമാറിയ കത്തിൽ മുഖ്യമന്ത്രി വ്യകതമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ സർവ്വകലാശാലയിലേക്ക് സിസ തോമസിന്റെ പേര് ശുപാർശ ചെയ്യാത്തതിന് പ്രധാന കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്. താത്കാലിക വൈസ് ചാൻസലർ എന്ന നിലയിൽ സിസ തോമസ് സർവ്വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നു. സിസ തോമസ് ചാൻസലർക്ക് എഴുതിയ കത്ത് സർവ്വകലാശാലയുടെ യശസിനെ ബാധിച്ചു. ബോർഡ് ഓഫ് ഗവർണർസ് അറിയാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സർവ്വകലാശാലയ്ക്ക് എതിരെ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ആരോപിച്ചിട്ടുണ്ട്.
കേരള സർവ്വകലാശാലയിലെ താത്കാലിക വൈസ് ചാൻസലർ ആയിരുന്നപ്പോൾ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങി പോയെന്നും അതിനാൽ നേതൃത്വഗുണം ഇല്ലാത്ത വ്യക്തിയാണ് സിസ തോമസ് എന്നുമാണ് സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമന ശുപാർശ എതിർത്ത് കൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരള സർവ്വകലാശാലയിലെ പല നിർണ്ണായക രേഖകളും സിസ തോമസ് മടക്കി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സജി ഗോപിനാഥ്, രാജശ്രീ എന്നിവരുടെ പേരുകൾ ആശ്ചര്യപ്പെടുത്തുന്നത്: ഗവർണർ
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലർക്ക് കൈമാറിയ മുൻഗണന പാനലിൽ ആദ്യ രണ്ട് പേരുകളെ ഗവർണർ ശക്തമായാണ് എതിർത്തിരിക്കുന്നത്. സർവ്വകലാശാല വൈസ് ചാൻസലർ ആയിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എഞ്ചിനീറിയിങ് വിദ്യാർത്ഥികളെ വിജയിപ്പിച്ച വ്യക്തിയാണ് രാജശ്രീ എന്നാണ് ഗവർണറുടെആരോപണം
Content Highlights: Kerala Governor bypasses CM`s recommendations for Digital and Technical University VC appointments, sparking political conflict. Read details.
Published: 04 Dec 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented