
കേരളരാഷ്ട്രീയ ചരിത്രത്തിൽ തന്നെ സൂപ്പർ പ്രതിപക്ഷമായി ഒരു ഗവർണർ മാറുന്ന കാഴ്ചക്കായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ 2019-ൽ കേരളത്തിന്റെ ഗവർണർ പദവിയേറ്റെടുത്തത് മുതലിങ്ങോട്ടു കേരളം സാക്ഷിയായത്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായതോടെ കലാലയങ്ങളിലെ സമരങ്ങളെ മറന്നുപോയ എസ്എഫ്ഐക്ക് ആരിഫ് മുഹമ്മദ് ഖാന്റെ വരവും നിലപാടുകളും സമരമുഖത്തെ പുറംതട്ടിയെടുക്കാനുള്ള പുതിയ ഊർജവുമായി. അത്രമാത്രമായിരുന്നു സർവകലാശാലകളിലെ വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തുറന്നുവിട്ട നിയമപോരാട്ടങ്ങളും തെരുവുയുദ്ധങ്ങളും. താനൊരു റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിക്കാൻ ഗവർണറും ഗവർണർ പദവി പോലും ആവശ്യമില്ലാത്തതാണെന്ന് പറഞ്ഞ് സർക്കാരും തിരിച്ചടിച്ചപ്പോൾ പല വിചിത്ര കാഴ്ചകളും കേരളത്തിലുണ്ടായി.
വിദ്യാർഥികളെ വെല്ലുവിളിച്ച് ഗവർണർ തെരുവിൽ കസേരയിട്ടിരുന്നു, വഴിതടയലും കരിങ്കൊടി കാണിക്കലുമെല്ലാം സ്ഥിരം കാഴ്ചയായി. എന്തിന്, സർക്കാർ തന്നെ ഗവർണർക്കെതിരേ പ്രത്യക്ഷ സമരപരിപാടി നടത്തി. 2024-ൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് പോയി രാജേന്ദ്ര അർലേക്കർ പുതിയ ഗവർണറായി നിയമിതനായിട്ടുപോലും നിലപാടുകളിൽ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. നിയമപോരാട്ടങ്ങൾ സുപ്രീം കോടതിവരെയെത്തി. ഇതിനായി സർക്കാരും ഗവർണറും ഖജനാവിൽനിന്ന് ചെലവിട്ട പണത്തിന് കയ്യും കണക്കുമില്ല.
ഒടുവിൽ ഏഴ് വർഷത്തിനിപ്പുറം ഇരുപക്ഷത്തേയും വരച്ച വരയിൽ നിർത്തി സുപ്രീം കോടതി കണ്ണുരുട്ടുകയും ചെയ്തു. വിസി നിയമനങ്ങൾ നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഞങ്ങൾ നടത്താമെന്ന് സുപ്രീം കോടതി അന്ത്യശാസനം മുഴക്കിയതോടെ എല്ലാം മറന്ന് സമവായത്തിന് വഴങ്ങുകയും ഹാപ്പി എൻഡിങ് ആയി വിവാദം താൽക്കാലികമായി അവസാനിച്ചിരിക്കുകയാണ്. ഇതോടെ എന്തിനായിരുന്നു ഇത്രനാൾ വിദ്യാർഥികളുടെ അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട്, ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിക്കൊണ്ട് സർക്കാരും ഗവർണറും ഇത്തരമൊരു കടുംപിടിത്തത്തിന് തയ്യാറായതെന്ന ചോദ്യവും ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ ഏഴ് വർഷത്തെ പരസ്പര പോരാട്ട ചരിത്രത്തെ ഒരിക്കൽകൂടെ ഓർത്തെടുക്കുകയാണ്.
- തുടക്കം ശാന്തം ഒടുവിൽ ബീഭത്സം
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി. സദാശിവം ഗവർണർസ്ഥാനം ഒഴിഞ്ഞതോടെയായിരുന്നു 2019 സെപ്തംബർ നാലിന് മുൻ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിന്റെ ഗവർണർ സ്ഥാനത്തെത്തുന്നത്. തുടക്കം പതിവ് പോലെ ശാന്തമായിരുന്നെങ്കിലും സർവകലാശാല ചാൻസലർ എന്ന നിലയിൽ വൈസ് ചാൻസലർ നിയമനങ്ങളിലും സെനറ്റ് അംഗങ്ങളുടെ നിയമനങ്ങളിലുമെല്ലാം കൂടുതൽ സജീവമായി ഗവർണർ ഇടപെടാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങൾക്ക് തുടക്കമാവുകയും ചെയ്തു. സർക്കാരിന്റെ നയത്തിന് അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർദേശപ്രകാരമാണ് വിസി നിയമനങ്ങൾ നടത്തേണ്ടതെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ യുജിസി ചട്ടപ്രകാരം നിയമനങ്ങൾ ചാൻസിലറുടെ അധികാര പരിധിയിലാണെന്ന് വാദിച്ച് തിരിച്ചടിക്കുകയായിരുന്നു ഗവർണർ.
2020-21 ആകുമ്പോഴേക്കും സർക്കാർ നൽകിയ സേർച്ച് കമ്മിറ്റിയിൽ ഗവർണറും സർക്കാരും സമവായത്തിലെത്താതെ വന്നതോടെ വിസി നിയമനങ്ങൾ അന്തമായി നീണ്ടുപോകുന്ന അവസ്ഥയും വന്നു. ഇത് നിയമപോരാട്ടങ്ങളിലേക്കും തെരുവുയുദ്ധങ്ങളിലേക്കും വരെ കാര്യങ്ങളെ എത്തിച്ചു.
പല യൂണിവേഴ്‌സിറ്റികളിലേയും വൈസ് ചാൻസിലർമാരെ നിയമിച്ചത് യുജിസി ചട്ടം സമ്പൂർണമായി ലംഘിച്ചുകൊണ്ടാണെന്ന് ആരോപിച്ച് ആരിഫ് മുഹമ്മദ് ഖാൻ നിയമനങ്ങളെ ചോദ്യം ചെയ്തതോടെ പ്രശ്‌നം മൂർധന്യത്തിലാവുകയും ചെയ്തു. എന്നാൽ, സർവകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് സർക്കാരും വിദ്യാർഥി സംഘടനകളും രംഗത്തെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗവർണർ സൂപ്പർ ഭരണാധികാരിയാവുകയാണെന്നും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നുമായിരുന്നു സർക്കാർ ആരോപിച്ചത്. മന്ത്രിമാരും സർവകലാശാല അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനുകളുമെല്ലാം ഗവർണറെ വെല്ലുവിളിച്ചു. ആരിഫ് മുഹമ്മദ് ഖാനെ വഴിനടത്തില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ സമരത്തിന് തുടക്കമിട്ടു. പക്ഷെ, ഇതിനെ അതേനാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു ഗവർണർ.
- സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കൽ, വിസിമാരുടെ കൂട്ടരാജിയാവശ്യം
സർവകലാശാല നിയമനങ്ങളിൽ സർക്കാർ- ഗവർണർ പോര് കനക്കുന്നതിനിടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ 2022 ഓക്ടോബർ മാസത്തിൽ കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ യോഗം വിളിച്ചത്. പക്ഷെ, യോഗത്തിൽ പങ്കെടുക്കാൻ പലരും തയ്യാറായില്ല. ഇതോടെ 15 പേരെ അയോഗ്യരാക്കുന്ന അപ്രതീക്ഷിത നടപടിയിലേക്കും ആരിഫ് മുഹമ്മദ് ഖാൻ പോയി. ഇത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. ഗവർണർ തന്നെ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങളുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഇത് വലിയ പ്രതിഷേധത്തിന് തന്നെയാണ് വഴിവെച്ചത്. ഇതിന്റെ അടുത്തദിവസം 2022 ഒക്ടോബർ 23-ന് ആയിരുന്നു ഒമ്പത് വൈസ് ചാൻസിലർമാരോട് ദിവസങ്ങൾക്കുള്ളിൽ രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടത്.
കേരള, എംജി, കണ്ണൂർ, കാലടി, കുഫോസ്, മലയാളം, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലയിലെ വിസിമാർക്കായിരുന്നു നോട്ടീസ് അയച്ചത്. ഇതും കേരള ചരിത്രത്തിലെ അത്യസാധാരണ നടപടിയായി മാറി. എന്നാൽ, ഗവർണറുടെ ഉത്തരവ് കണക്കിലെടുക്കേണ്ടെന്നും രാജിവെക്കേണ്ടെന്നുമായിരുന്നു സർക്കാർ നിലപാട്.
യുജിസി ചട്ടം ലംഘിച്ച സാങ്കേതിക സർവകലാശാലയിലെ വിസി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയിരുന്നു മറ്റ് ഒമ്പത് സർവകലാശാലകളിലേയും വിസിമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധി യുജിസി ചട്ടം ലംഘിച്ച മറ്റെല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ഈ അസാധാരണ നടപടി സർക്കാരും ഗവർണറും തമ്മിലുള്ള തെരുവ് യുദ്ധങ്ങൾക്ക് തന്നെയാണ് വഴിമരുന്നിട്ടത്. ഗവർണർക്കെതിരെ ക്ഷമകെട്ടതോടെ 2022 നവംബർ 15-ന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രാജ്ഭവൻ ധർണയും നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തന്നെ ചേർന്ന ഇടതുമുന്നണി യോഗത്തിന്റേതായിരുന്നു തീരുമാനം. സമാനമായി എസ്എഫ്‌ഐയും സമരപ്രഖ്യാപനം നടത്തി.
- ചാൻസലറെ നീക്കാൻ ഓർഡിനൻസുമായി സർക്കാർ
സർവകലാശാലകളിൽ ചാൻസലറെന്ന നിലയിൽ ഗവർണറുടെ അധികാരം നീക്കണമെന്ന് ആവശ്യപ്പെട്ട് അസാധാരണ ഓർഡിനൻസ് കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിരുന്നു. 2022 നവംബർ 9-ന് ചേർന്ന മന്ത്രിസഭാ യോഗമായിരുന്നു ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നത്. ഗവർണർക്ക് പകരം അക്കാദമിക് രംഗത്ത് അതിപ്രഗൽഭരായ ആളുകളെ ചാൻസിലർ സ്ഥാനത്ത് നിയമിക്കണമെന്നതായിരുന്നു ഓർഡിനൻസിൽ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനത്തെ 14 സർവകലാശാലകളിൽ ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തരം ചാൻസിലർ കൂടിയായിരിക്കും എന്ന വകുപ്പ് ഓർഡിനൻസിലൂടെ നീക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ഓർഡിനൻസ് ഒപ്പിടാതെ അത് സർക്കാരിലേക്ക് തന്നെ രാജ്ഭവൻ തിരിച്ചയക്കുകയായിരുന്നു.
ഓർഡിനൻസ് ഒപ്പിട്ടാലും ഇല്ലെങ്കിലും സഭാസമ്മേളനത്തിൽ ബിൽകൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയിരുന്നു. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പടില്ലെന്ന നിലപാടിലായിരുന്നു ആരിഫ് മുഹമ്മദ്ഖാൻ. ഇതിനിടെ സർവകലാശാല നിയമനത്തിന് മുകളിലല്ല ഗവർണറെന്ന് പറഞ്ഞ് പുറത്താക്കൽ നോട്ടീസിന് വിസിമാർ ഗവർണർക്ക് മറുപടി കൊടുത്തെങ്കിലും താൻ സുപ്രീം കോടതി വിധിയാണ് നടപ്പാക്കിയതെന്ന നിലപാടിലായിരുന്നു ആരിഫ് മുഹമ്മദ്ഖാൻ. 2022 ഡിസംബർ 13-ന് ചേർന്ന നിയമസഭാ സമ്മേളനം ഗവർണർക്കെതിരേയുള്ള ബിൽ പാസാക്കുകയും അംഗീകാരത്തിന് അയക്കുകയും ചെയ്തു. പിന്നീട് വലിയ നിയമപോരാട്ടമാണ് നടന്നത്.
- തെരുവിൽ കസേരയിട്ടിരുന്ന ആരിഫ് മുഹമ്മദ്ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമ്പസുകളെ ആർഎസ്എസ് വൽക്കരിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർഥി സംഘടനകൾ തെരുവിൽ സമരവുമായി ഇറങ്ങുന്നതായിരുന്നു 2024 ജനുവരി മുതൽ കാണാനായത്. ഇതിൽ ഏറ്റവും ചർച്ചയായതായിരുന്നു ജനുവരി 27-ാം തീയതി കൊല്ലത്ത് ഒരു പരിപാടിക്കെത്തിയപ്പോൾ നിലമേലിൽ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം. ഗവർണർക്കുനേരെ കരിങ്കൊടിയുമായി എസ്എഫ്‌ഐക്കാർ എത്തിയതോടെ ആരിഫ് മുഹമ്മദ് ഖാൻ തെരുവിലിറങ്ങി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയും പോസ്റ്ററുകളുമായി വിദ്യാർഥികൾ എത്തിയതോടെ നിലമേൽ ജംഗ്ഷനിലെ കടയ്ക്ക് മുന്നിൽ പ്രതിഷേധവുമായി ആരിഫ് മുഹമ്മദ്ഖാൻ കസേരയിട്ടിരുന്നു. എസ്എഫ്‌ഐക്കാർ തന്റെ വാഹനത്തിൽ ഇടിച്ചെന്നും അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആർ കണ്ടശേഷമേ താൻ യാത്ര തുടരുകയുള്ളൂവെന്നുമായിരുന്നു ഗവർണറുടെ നിലപാട്.
ഡിജിപി അടക്കം അനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. രണ്ട് മണിക്കൂറോളമാണ് പ്രതിഷേധം തുടർന്നത്. ശേഷം പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്തതിന്റെ എഫ്‌ഐആർ റൂറൽ എസ്പി കൈമാറിയ ശേഷമാണ് ഗവർണർ യാത്ര തുടർന്നത്. തനിക്ക് സുരക്ഷ നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെന്നും സിആർപിഎഫ് സുരക്ഷ ഏറ്റെടുക്കണമെന്ന ആവശ്യവും ഗവർണർ ഉയർത്തി. സുരക്ഷ സിആർപിഎഫ് ഏറ്റെടുക്കുകയും ചെയ്തു. ഗവർണറെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ തീരുമാനത്തിനെതിരേ കോഴിക്കോട് മിഠായി തെരുവിലൂടെ നടന്ന് ഹൽവ കഴിച്ചും കാലിക്കറ്റ് സർവകലാശയിൽ താമസിച്ചുമായിരുന്നു ഗവർണറുടെ പ്രതിരോധം.
കാലിക്കറ്റ് സർവകലാശാലയിൽ 2023 ഡിസംബർ 17-ന് താമസിച്ച ആരിഫ് മുഹമ്മദ്ഖാനെതിരെ സർവകലാശലയ്ക്ക് പുറത്ത് എസ്എഫ്‌ഐ വമ്പൻ പ്രതിഷേധമാണ് നടത്തിയത്. സംഘി ഗവർണർ ഗോബാക്ക് എന്നെഴുതിയ വലിയ ബാനർ ഉയർത്തി. ഇത് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ട് പോലീസുമായി ഗവർണർ വാക്കേറ്റം നടത്തി. അനുസരിക്കാതെ വന്നതോടെ ജില്ലാ പോലീസ് മേധാവിയെ തന്നെ പൊതുമധ്യത്തിൽ ആരിഫ് മുഹമ്മദ്ഖാൻ ശകാരിച്ചു. ബാനൻ അഴിച്ചുമാറ്റിയ പോലീസിനെതിരെ എസ്എഫ്‌ഐക്കാർ വീണ്ടും രംഗത്ത് വന്നതോടെ തെരുവുയുദ്ധത്തിന് തന്നെയാണ് അന്ന് കാലിക്കറ്റ് സർവകലാശാല സാക്ഷിയായത്.
- തീരാത്ത പ്രതിഷേധം അർലേക്കറിന്റെ കാലത്തും
സംഭവബഹുലമായ ഗവർണർ കാലയളവിന് ശേഷം ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് പോവുകയും രാജേന്ദ്ര അർലേക്കർ പുതിയ ഗവർണറായി 2025 ജനുവരി രണ്ട് മുതൽ സ്ഥാനമേറ്റെടുക്കുകയും ചെയ്‌തെങ്കിലും വിസി നിയമന കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല. നിയമയുദ്ധങ്ങളും സമരവും തുടരുകയും ചെയ്തു. ഇതോടെയാണ് വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനവും ഇടപെടലുമുണ്ടായത്.
2025 ഓഗസ്റ്റ് 18-ന് സേർച്ച് കമ്മിറ്റിയെ കണ്ടെത്താൻ വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സുധാംശു ധൂലിയയെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. സർക്കാരും ഗവർണറും നൽകുന്ന ചുരുക്കപട്ടികയിൽനിന്ന് സുധാംശു ധൂലിയയുടെ മേൽനോട്ടത്തിൽ വിസിയെ നിയമിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ആറാഴ്ചയ്ക്കുള്ളിൽ സർക്കാരിനോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. പക്ഷെ, അപ്പോഴും പേര് നിർദേശിക്കാൻ കാലതാമസം വരുത്തിയതോടെ അന്ത്യശാസനവും നൽകി. നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഞങ്ങൾ നിയമിക്കുമെന്ന കോടതിയുടെ പരാമർശം വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥ വന്നു.
സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസാ തോമസിനെ നിയമിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഡിജിറ്റൽ സർവകലാശാല വിസി ആയി ഡോ. സജി ഗോപിനാഥിനെ നിയമിക്കരുതെന്ന ഗവർണർ രാജേന്ദ്ര അർലേക്കറിന്റേയും നിലപാടായിരുന്നു ഏറെ നാളായി തർക്കത്തിലായിരുന്നത്. വിഷയത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്താതെ വന്നതോടെ കോടതി നേരിട്ട് നിയമനം നടത്തുമെന്നും പറഞ്ഞിരുന്നു. ഇത് മറ്റ് സർവകലാശാലാ വിസി നിയമനങ്ങൾക്കും തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് സമവായത്തിലെത്താൻ ഇരുപക്ഷവും തീരുമാനിച്ചത്. സിസാ തോമസിനേയും സജി ഗോപിനാഥിനേയും പിന്നീട് വിസിമാരായി നിയമിക്കുകയും ചെയ്തതോടെ പ്രശ്‌നപരിഹാരവുമായി.
Content Highlights: Explore the intense Kerala Governor-VC appointment battle. SFI protests, Governor`s street sit-in, and the Supreme Court`s ultimate intervention leading to a truce.
Published: 19 Dec 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented