കൊച്ചി: സർവകലാശാലയിലെ അധികാരത്തർക്കം അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമപ്പോരാട്ടമായി മാറുമ്പോൾ ഖജനാവിൽനിന്ന് ചോരുന്നത് കോടികൾ. ഇത്തരം കേസുകളിൽ പുറമേനിന്ന് നിയോഗിക്കുന്ന അഭിഭാഷകർക്കായി കോടിക്കണക്കിനു രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 

To advertise here,

പിണറായിസർക്കാർ അധികാരത്തിലിരുന്ന 2016 മുതൽ 2026 വരെയുള്ള 10 വർഷക്കാലയളവിൽ 44.48 കോടി രൂപയാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കായി ചെലവഴിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് 11.24 കോടി രൂപയും ഈയിനത്തിൽ ചെലവായി.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാൻ വൈകുന്നത്, സംസ്ഥാനത്തിന് വായ്പയെടുക്കാൻ അനുമതി നിഷേധിച്ചത് തുടങ്ങിയ വിഷയങ്ങളാണ് തർക്കമായി സുപ്രീംകോടതിയിൽ എത്തിയത്. കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയക്കൊലപാതക കേസുകളുടെ നടത്തിപ്പിനും ഖജനാവിൽനിന്ന് പണം ചെലവായിട്ടുണ്ട്.

വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് സർക്കാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെകാലത്ത് ഹൈക്കോടതിയിൽ ഏതാനും കേസുകളിൽ മാത്രമാണ് പുറമേനിന്നുള്ള അഭിഭാഷകർ ഹാജരായിട്ടുള്ളത്. ഇവർക്കായി 17.05 ലക്ഷം രൂപയാണ് നൽകിയത്.

എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെകാലത്ത് ഹൈക്കോടതിയിൽ ഹാജരായ പുറമേനിന്നുള്ള അഭിഭാഷകർക്കായി 6.31 കോടി രൂപ ചെലവഴിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നടത്താൻ സർക്കാർ നിയമിക്കുന്നത് 144 അഭിഭാഷകരെയാണ്. ഇവർക്ക് ശമ്പളമായി മാസം നൽകുന്നത് 2.03 കോടി രൂപയാണ്.