തിരുവനന്തപുരം: ഷോപ്‌സ്‌ ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ സ്ത്രീകളെ രാത്രിഷിഫ്റ്റിൽ നിയോഗിക്കുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുനൽകി നിയമഭേദഗതി വരുന്നു. രാത്രി ഒൻപതുമുതൽ പുലർച്ചെ ആറുവരെയുള്ള സമയത്ത് രണ്ടുസ്ത്രീകളെ മാത്രമായി രാത്രി ഷിഫ്റ്റിൽ നിയമിക്കാം. നിലവിൽ അഞ്ചുപേരുണ്ടെങ്കിലേ രാത്രി ഷിഫ്റ്റ് പാടുള്ളൂ. ബിൽ തിങ്കളാഴ്ച നിയമസഭയിൽ മന്ത്രി ബിന്ദു കൃഷ്ണ അവതരിപ്പിക്കും.

To advertise here,

വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള തടസ്സമെഴിവാക്കി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റം. ഓഫീസുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, റസ്റ്ററൻറുകൾ, സിനിമാ തിയേറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഫാക്ടറിനിയമ പരിധിയിലല്ലാത്ത സ്ഥാപനങ്ങളിലെല്ലാം ഇത് ബാധകമാവും. സ്ത്രീകളെ രാത്രിഷിഫ്റ്റിൽ നിയോഗിക്കുന്നതിന് കർശനമായ സുരക്ഷാസംവിധാനവും ബിൽ വ്യവസ്ഥ ചെയ്യുന്നു.

കേരളത്തിലെ ഭൂരിഭാഗം വാണിജ്യസ്ഥാപനങ്ങളിലും രാത്രിയിൽ അഞ്ചുപേരിൽ താഴെമാത്രമാണ് ജോലിചെയ്യുന്നത്. സ്ത്രീകളെ രാത്രിയിൽ നിയോഗിക്കണമെങ്കിൽ നിയമം അനുസരിച്ച് അഞ്ചുപേർ വേണം. അതിൽ രണ്ടുപേരെങ്കിലും സ്ത്രീകളായിരിക്കണം. ഈ നിബന്ധന കാരണം രാത്രി ഷിഫ്റ്റ് വേണ്ടിവരുന്ന വാണിജ്യ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് തൊഴിലവസരം നഷ്ടപ്പെടുന്നു. രണ്ട് ജീവനക്കാരികൾമാത്രമുള്ള ഒരു കടയ്ക്ക് നിലവിലെ നിയമം അനുസരിച്ച് രാത്രി ഒൻപതിനുശേഷം തുറന്നുപ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. നിയമഭേദഗതി വരുന്നതോടെ അതിനും സാധിക്കും.

സമ്മതവും സിസിടിവിയും നിർബന്ധം

സ്ത്രീകളെ രാത്രിഷിഫ്റ്റിന് നിർബന്ധിക്കരുത്. സമ്മതം എഴുതിവാങ്ങണം. സ്ത്രീജീവനക്കാരെ താമസിക്കുന്ന സ്ഥലത്തുനിന്ന് സ്ഥാപനത്തിലേക്ക്‌ കൊണ്ടുവരാനും തിരിച്ചുവിടാനും ഗതാഗതസൗകര്യമൊരുക്കണം. വാഹനത്തിൽ സുരക്ഷാജീവനക്കാരും സി.സി.ടി.വി.യും ജി.പി.എസും ഉണ്ടാകണം. പശ്ചാത്തലം പരിശോധിച്ചുവേണം ഡ്രൈവറെ നിയമിക്കാൻ.

പകൽ ഷിഫ്റ്റിൽനിന്ന് രാത്രിഷിഫ്റ്റിലേക്കും തിരിച്ചും മാറുന്നതിന് 12 മണിക്കൂർ ഇടവേള നൽകണം. സ്ഥാപനത്തിൽ സി.സി.ടി.വി.യും സുരക്ഷാ ജീവനക്കാരും വേണം. സ്ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമായ വിധത്തിലാണെന്നു കണ്ടാൽ രാത്രികാലജോലി സർക്കാരിന് നിരോധിക്കാം.