തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ വിദേശ മദ്യനിര്‍മാണക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.ഐ.യുടെയും സമ്മതത്തോടെ. എന്നാല്‍, പാര്‍ട്ടിയില്‍ ഒരു ഘടകത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല.

To advertise here,

അനുമതിസംബന്ധിച്ചുള്ള അജന്‍ഡ മന്ത്രിസഭായോഗത്തില്‍ വരുന്നകാര്യം സി.പി.ഐ. മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എതിര്‍പ്പൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് മന്ത്രിസഭായോഗത്തില്‍ സി.പി.ഐ. മന്ത്രിമാര്‍ പിന്തുണച്ചത്.

ജലദൗര്‍ലഭ്യം ഏറെയുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാഘടകത്തിന്റെ നിലപാടും സി.പി.ഐ. തേടിയിരുന്നില്ല.

മന്ത്രിസഭായോഗത്തിനു തലേദിവസമാണ് അജന്‍ഡ മന്ത്രിമാര്‍ക്ക് ലഭിക്കുന്നത്. ഈ ഘട്ടത്തില്‍ത്തന്നെ നാലുമന്ത്രിമാരും പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വവും കൂടിയാലോചന നടത്തിയിരുന്നു.

മദ്യക്കമ്പനിയുടെ കാര്യം സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി യോഗവും ചര്‍ച്ചചെയ്തിട്ടില്ല. എന്നാല്‍, ജനകീയമായ എതിര്‍പ്പ് പ്രാദേശികതലത്തില്‍ ഉയര്‍ന്നാല്‍ അതിനൊപ്പം സി.പി.ഐ.ക്കും നില്‍ക്കേണ്ടിവരുമെന്നാണ് മുതിര്‍ന്നനേതാക്കളുടെ പ്രതികരണം.