കോഴിക്കോട്: കടലിൽ ചൂടുകൂടിയതോടെ കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു. കോഴിക്കോട്ടെ മാർക്കറ്റിൽ അയലയും മത്തിയും ഉൾപ്പെടെയുള്ളവ എത്തുന്നത് ഗോവ, മുംബൈ, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ്. ഇവിടെ അറുപത് നോട്ടിക്കൽ മൈൽവരെ പോവുന്ന ബോട്ടുകൾക്കുമാത്രമാണ് കാര്യമായി മത്സ്യം ലഭിക്കുന്നത്. ചെറിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും ജോലിയില്ലാത്ത അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

To advertise here,

അറുപത് കിലോമീറ്റർ നോട്ടിക്കൽ ദൂരത്തിലധികം പോയി രാത്രിയിൽ ലൈറ്റ് ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവർക്കുമാത്രമാണ് ഇപ്പോൾ കാര്യമായി മീൻലഭിക്കുന്നത്. ചൂര ഉൾപ്പെടെയുള്ള മീനുകളാണ് കിട്ടുന്നതെങ്കിലും മത്സ്യലഭ്യതയെക്കൂടി ബാധിക്കുന്നരീതിയിലാണ് ഈ മീൻപിടിത്തമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സത്യൻ പുതിയാപ്പ പറയുന്നു.

രണ്ടുദിവസംകൊണ്ട് കടലിൽ പോയി തിരിച്ചെത്തുന്ന വള്ളങ്ങൾക്ക് ചെമ്മീൻ, കിളിമീൻ എന്നിവ കിട്ടുന്നുണ്ടെങ്കിലും അതും വളരെക്കുറവാണ്. ഒരുലക്ഷം രൂപയുടെവരെ മീൻ കിട്ടിയിരുന്നതിന് പകരം ഇപ്പോൾ മുപ്പതിനായിരം-നാൽപതിനായിരം രൂപയുടെ മീനേ ലഭിക്കുന്നുള്ളൂ. 50 അടി മുതൽ 100 അടിവരെയുള്ള ബോട്ടുകളും പരമ്പരാഗത വള്ളങ്ങളുമാണ് പണിയില്ലാതെ പ്രതിസന്ധിയിലായത്. ചോമ്പാല, കൊയിലാണ്ടി, വെള്ളയിൽ, ചാലിയം എന്നിവങ്ങളിലെല്ലാം പരന്പരാഗത മത്സ്യത്തൊഴിലാളികളാണ് കൂടുതലും. അതുകൊണ്ട് ഈ മീൻപിടിത്ത തുറമുഖങ്ങൾ നിലച്ച അവസ്ഥയിലാണ്. കോഴിക്കോടുൾപ്പെടെ മത്സ്യമാർക്കറ്റുകളും ആളൊഴിഞ്ഞ സ്ഥിതിയാണ്.

കേരളത്തിൽ കടൽമീൻ കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളാണ് കൂടുതലും എത്തുന്നത്. മാർക്കറ്റുകളിൽ കൂടുതലും വളർത്തുചെമ്മീനുകളാണ്. പിന്നെ ഡാം മീനുകളും. വളർത്തുചെമ്മീൻ 450 രൂപയ്ക്കുവരെ വിറ്റുപോവുന്നുണ്ട്. മത്സ്യലഭ്യത വിഷുവിനെ വലിയരീതിയിൽ ബാധിച്ചിരുന്നു. നെയ്‌മീന് വിഷുവിന് കിലോയ്ക്ക് 1400 രൂപവരെ വില ഉയർന്നിരുന്നു. ഇപ്പോൾ 1100 രൂപയായി കുറഞ്ഞിട്ടുണ്ട്. ആവോലി 900 രൂപവരെ ഉയർന്നിരുന്നു. അത് 600 രൂപയായി കുറഞ്ഞിട്ടുണ്ട്. മത്തി 280 രൂപവരെ എത്തിയിരുന്നു. ഇപ്പോൾ 120 രൂപയായി കുറഞ്ഞു. അയല 340 രൂപവരെ ഉയർന്നത് ഇപ്പോൾ 240 ആയി കുറഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മീനുകൾ എത്തുന്നുണ്ടെങ്കിലും അതും ലഭ്യത വളരെക്കുറവാണ്.