കൊച്ചി: നേപ്പാൾ പ്രളയദുരന്ത പശ്ചാത്തലത്തിൽ ഇന്ത്യ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസസ് ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം മേധാവി ഡോ. പി.എസ്. സുനിൽ. ഹിമാലയത്തിൽ ദീർഘകാലം ഭൂകമ്പപഠനങ്ങൾ നടത്തിയിട്ടുള്ള സുനിൽ നിലവിൽ ഐ.എസ്.ആർ.ഒ.യും നാസയും ചേർന്ന് നടത്തുന്ന ഹിമാലയൻ മേഖലയിലെ ഭൂകമ്പ ഗവേഷണ പദ്ധതിയിലെ അംഗമാണ്. നോപ്പാളിലെ ദുരന്തപശ്ചാത്തലത്തിൽ ഡോ. സുനിൽ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു:

To advertise here,

നേപ്പാൾ ദുരന്തത്തിന്റെ ഭീകരത നമ്മൾ കണ്ടതാണല്ലോ. ആയിരക്കണക്കിന് ഹിമാനികൾ പാകിസ്താൻമുതൽ മ്യാൻമാർവരെ നീണ്ടുകിടക്കുന്ന ഹിമാലയൻ പർവതനിരകളിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇവയിൽ പലതും ഉരുകിക്കൊണ്ടിരിക്കുകയാണ്. ചില ഹിമാനികൾ ഉൾവലിഞ്ഞ് പിന്നിലേക്കും പോയിട്ടുണ്ട്. എൽനിനോയുടെ പ്രത്യാഘാതങ്ങളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. മഞ്ഞ് കൂടുതൽ വേഗത്തിൽ ഉരുകും. മഞ്ഞും മണ്ണും ചേർന്നതാണ് ഹിമാലയൻ പ്രകൃതി. കുത്തനെയുള്ള മലനിരകളിൽ മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യത കൂടുതലാണ്.

ഭൂകമ്പഭൂപടം മാറുമോ?

ആയിരക്കണക്കിന് തീർഥാടകർ ഓരോ വർഷവും വന്നെത്തുന്ന ചാർധാം മേഖലയിലെ ജോഷിമഠിൽ റോഡുകളും വീടുകളും വിണ്ടുകീറിയത് 2023-ലാണ്. മുൻവർഷം അവിടെ പെയ്ത പേമാരിയുടെ ഫലമായിരുന്നു അതെന്ന് പിന്നീട് കണ്ടെത്തി. ജലത്തിന്റെ ഭാരമായിരുന്നു കാരണം. മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർ എത്തുന്ന ബദരീനാഥിലേക്കുള്ള യാത്രാമാർഗമാണിത്.

ഭൂകമ്പസാധ്യതാ ഭൂപടത്തിൽ ഇന്ത്യയെ വിവിധ സോണുകളായി തിരിച്ച് പ്രദേശങ്ങളെ ഉൾപ്പെടുത്താറുണ്ട്. അതിതീവ്ര ഭൂകമ്പസാധ്യതയുള്ള ആറാം ഗ്രൂപ്പിൽ കഴിഞ്ഞവർഷം അവസാനം ഹിമാലയത്തെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ഥിതി കൂടുതൽ ഗൗരവമായിമാറി എന്നതിനാലായിരുന്നു ഇത്. എന്നാൽ, പുതിയ വിജ്ഞാപനം മരവിപ്പിക്കാനും പഴയനില തുടരാനും പിന്നീട് തീരുമാനമെടുത്തു. നേപ്പാൾ ദുരന്തപശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ പുനരാലോചന ആവശ്യമാണ്.