കണ്ണൂര്‍: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് ഇസ്രയേലിലേക്ക് അയച്ച സംഘം തിരിച്ചെത്തി. സന്ദര്‍ശനത്തിനിടെ കാണാതായ ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ കൂടാതെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കുര്യന്‍ അടക്കം 27 പേരായായിരുന്നു കൃഷ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് നയിച്ച സംഘത്തിലുണ്ടായിരുന്നത്. 26 പേരാണ് മടങ്ങി വന്നത്.

To advertise here,

കുര്യന്‍ ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സംഘത്തില്‍പ്പെട്ട കര്‍ഷകര്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് ഭക്ഷണത്തിന് പോകാനാരിക്കെ പെട്ടെന്നാണ് ഇയാള്‍ അപ്രത്യക്ഷനായതെന്നും ഇവര്‍ വ്യക്തമാക്കി.

'പരിപാടി കഴിഞ്ഞാല്‍ എല്ലാവരും തിരിച്ച് ഹോട്ടലിലേക്ക് വരും. ഉറങ്ങുന്നതിന് മുമ്പായി വേണമെങ്കില്‍ കുറച്ച് സമയം പുറത്തൊക്കെ ചെലവഴിക്കാമായിരുന്നു. പരിചയമില്ലാത്തയിടമായതുകൊണ്ട് ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്നാല്‍ ഇയാള്‍ നടന്നു പോയി, പിന്നീട് കണ്ടില്ല' സംഘത്തിലുണ്ടായിരുന്ന കര്‍ഷകനായ ജോബി ഡേവിഡ് പറഞ്ഞു.

കാണാതായ ഉടന്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി പോലീസില്‍ വിവരം അറിയിച്ചു. സംഘത്തിലുള്ള ഞങ്ങളും ലോക്കല്‍ ഗെയ്ഡിനെ ബന്ധപ്പെട്ട് ടൂറിസ്റ്റുകള്‍ പോകാറുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. പിന്നീട് എംബിസിയിലും അറിയിച്ചുവെന്നും മറ്റൊരു കര്‍ഷകന്‍ വ്യക്തമാക്കി.

'വ്യാഴാഴ്ച നിശ്ചയിച്ച പരിപാടികൊളൊക്കെ കഴിഞ്ഞ് ഭക്ഷണത്തിന് പോകാനായി ഒരുങ്ങിയതാണ്. അതുവരെ ഞങ്ങളുടെ ബസിന്  തൊട്ടുപിന്നിലായി ഉണ്ടായിരുന്നതാണ്. ഇതിനിടെ ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നുമുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അനുമതി വാങ്ങാതെ അങ്ങനെ പോകാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷമായി' ജോപ്പുജോണ്‍ എന്ന കര്‍ഷകന്‍ പറഞ്ഞു.

ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നാണ് രാത്രി ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാന്‍ മറ്റൊരു ഹോട്ടലിലേക്ക് ബസില്‍ കയറാന്‍ തയ്യാറായി വന്ന ബിജു കുര്യന്‍ അപ്രത്യക്ഷനാകുകയായിരുന്നു. ബിജുവുമായി ബന്ധമുള്ള ഇസ്രയേലിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കൈമാറിയില്ല. പിന്നീട് ബന്ധുക്കളും അന്വേഷണസംഘവും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല.

ബിജു കുര്യന്റെ വിസയ്ക്ക് മേയ് എട്ടുവരെ കാലാവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയിലായതിനാല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിസ റദ്ദാകാനുള്ള സാധ്യത അധികൃതര്‍ ആരായുന്നുണ്ട്.

ഇതിനിടെ കര്‍ഷകരെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപവുമുണ്ട്. ഇതില്‍ അന്വേഷണമുണ്ടാവും. കര്‍ഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. ബിജുവിന്റെ പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. മതിയായ കാര്‍ഷികപശ്ചാത്തലമില്ലെന്നും ആരോപണമുണ്ട്. ഉളിക്കല്‍ കൃഷിഭവന്‍ പരിധിയിലാണ് എല്‍.ഐ.സി. ഏജന്റായ ബിജു താമസിക്കുന്നതെങ്കിലും ഇസ്രയേലിലേക്ക് പോയത് പായം കൃഷിഭവന്‍ മുഖേനയാണ്. ബിജുവിന് പായത്ത് രണ്ടേക്കര്‍ സ്ഥലമുണ്ട്.