ചേര്‍ത്തല: ചേര്‍ത്തല നഗരസഭയില്‍ അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണില്‍ തിരിമറി നടത്തിയതായ പരാതിയില്‍ അന്വേഷണം ഊര്‍ജിതമായി. നഗരസഭ 25-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.എ. സാജുവിനെതിരേയാണ് പരാതി. പോലീസ് തിങ്കളാഴ്ച നഗരസഭയിലെത്തി ദാരിദ്ര്യലഘൂകരണ വിഭാഗത്തില്‍നിന്ന് ഭക്ഷ്യക്കൂപ്പണ്‍ വിതരണംചെയ്ത രേഖകള്‍ പരിശോധിച്ചു. സെക്രട്ടറിയടക്കം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി.

To advertise here,

പരാതിക്കാരനായ ഗുണഭോക്താവിന്റെയും ഭക്ഷ്യക്കൂപ്പണ്‍ കിട്ടാതിരുന്ന മറ്റൊരു ഗുണഭോക്താവിന്റെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഗുണഭോക്താവ് നഗരസഭാ സെക്രട്ടറിക്കു നല്‍കിയ പരാതി പോലീസിനു കൈമാറിയിരുന്നു. പൊതുമുതല്‍ അപഹരണമെന്ന വിഭാഗത്തിലാണു വരുന്നതെന്നതിനാല്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുശേഷം മാത്രമേ എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയുള്ളൂവെന്നാണ് വിവരം. ഇതിനു മുന്നോടിയായി കൗണ്‍സിലറുടെ മൊഴിയും രേഖപ്പെടുത്തും.

അതിദാരിദ്ര്യപട്ടികയിലുള്ളവര്‍ക്ക് എല്ലാമാസവും 500 രൂപയുടെ ഭക്ഷ്യക്കൂപ്പണാണ് നല്‍കുന്നത്. അവശരായതിനാല്‍ വലിയപക്ഷം ഗുണഭോക്താക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ വഴിയാണ് കൂപ്പണ്‍ എത്തിക്കുന്നത്. 25-ാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ക്ക് കൂപ്പണോ ഭക്ഷ്യക്കിറ്റോ ലഭിക്കാത്തതാണ് പരാതിക്കിടയാക്കിയത്. 2024 ഡിസംബര്‍ മുതലുള്ള കൂപ്പണാണ് കിട്ടാതെവന്നത്.