കൊച്ചി: ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൈകോർത്തതോടെ പോപ്പുലർ ഫിനാൻസ് സാമ്പത്തികത്തട്ടിപ്പിൽ കുരുങ്ങിയ 30,000-ലേറെ നിക്ഷേപകർക്ക് ആശ്വാസമാകും. കേസിൽ ഇ.ഡി. കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് സംസ്ഥാന ബഡ്‌സ് അതോറിറ്റി നിക്ഷേപകർക്ക് തിരിച്ചു നൽകും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഈ നടപടികൾ പൂർത്തിയാക്കുമെന്നാണ് സൂചന.
എറണാകുളം കളക്ടർക്കാണ് നിക്ഷേപകർക്ക് പണം നൽകാനുള്ള ചുമതല. സമാനമായി തൃശ്ശൂരിലെ ഹൈറിച്ച് തട്ടിപ്പുകേസിലും തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ബഡ്‌സ് അതോറിറ്റി മുഖേന പണം നൽകാനുള്ള നീക്കം തുടങ്ങി.
പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ 30,000-ലേറെ നിക്ഷേപകരിൽനിന്നാണ് പണം തട്ടിയത്. സംഭവത്തിൽ 1,365 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 2020 ഒക്ടോബറിൽ ഇ.ഡി.യും കേസെടുത്തു. 2021 ഓഗസ്റ്റിൽ പോപ്പുലർ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകൾ റിനു മറിയത്തെയും ഇ.ഡി. അറസ്റ്റു ചെയ്തു. 2022 ജൂണിൽ തോമസ് ഡാനിയേലിന്റെ അമ്മ മറിയാമ്മയെ ഓസ്‌ട്രേലിയയിൽ നിന്ന് കൊച്ചിയിലെത്തിച്ചും അറസ്റ്റുചെയ്തു. കേസിൽ രണ്ട് ഘട്ടങ്ങളിലായി പോപ്പുലർ ഫിനാൻസ് ഉടമകളുടെ 65 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി.
2021 നവംബറിൽ സംസ്ഥാനസർക്കാർ അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കൽ ചട്ടം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം ആക്ട് - ബഡ്‌സ്) വിജ്ഞാപനം ചെയ്തു. ചട്ടത്തിനുകീഴിലെ സംസ്ഥാനത്തെ ആദ്യകേസായി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഉൾപ്പെടുത്തി സ്വത്തുക്കൾ കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കൾ ലേലം ചെയ്ത് തട്ടിപ്പിന് ഇരയായവർക്ക് നൽകാൻ ബഡ്‌സ് അതോറിറ്റിക്ക് അധികാരമുണ്ട്.
ഈ സാഹചര്യം വിലയിരുത്തി പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കണ്ടുകെട്ടിയ സ്വത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബഡ്‌സ് അതോറിറ്റിക്ക് ഇ.ഡി. കത്ത് നൽകി. നിക്ഷേപം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതിനിർദേശപ്രകാരം സംസ്ഥാന ബഡ്‌സ് അതോറിറ്റി പി.എം.എൽ.എ. കോടതിയെ സമീപിച്ചു. കണ്ടുകെട്ടിയ 65 കോടി രൂപയുടെ സ്വത്ത് ബഡ്‌സ് അതോറിറ്റിക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എം.എൽ.എ. കോടതി നിക്ഷേപകർക്ക് പണം കൈമാറാൻ ഉത്തരവിട്ടത്.
ഇ.ഡി. കണ്ടുകെട്ടിയതിൽ 33.20 കോടി രൂപയുടേത് ബാങ്ക് നിക്ഷേപങ്ങളാണ്. ബാക്കി 31.87 കോടി രൂപയുടേത് കെട്ടിടങ്ങളുൾപ്പടെയുള്ള ഭൂസ്വത്തുക്കളാണ്. കെട്ടിടങ്ങളും ഭൂമിയുമായി 23 വസ്തുവകകൾ, നിക്ഷേപകരുടെ 32 കിലോ സ്വർണം 1,132 ബാങ്ക് അക്കൗണ്ടുകളിലായി വീണ്ടും പണയംവെച്ചത്, പതിനെട്ട് ആഡംബര കാറുകളുൾപ്പെടെയുള്ള വാഹനങ്ങൾ, 12 സേവിങ്‌സ് അക്കൗണ്ടുകളിലെ 23 സ്ഥിരനിക്ഷേപങ്ങൾ, പോപ്പുലർ ഗ്രൂപ്പിന്റെ 732 കറന്റ് അക്കൗണ്ടുകൾ എന്നിങ്ങനെയാണ് സ്വത്തുവകകൾ.
ലേലംചെയ്യണ്ടവയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം സ്വരൂപിച്ച് നിക്ഷേപകർക്ക് നൽകേണ്ടത് ബഡ്‌സ് അതോറിറ്റിയുടെ ചുമതലയാണ്.
Content Highlights: Kerala Govt & ED join forces! ₹65 Cr seized from Popular Finance scam to be returned to 30,000 investors. Funds to be disbursed soon. Read details.
Published: 21 Feb 2026, 07:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented