ന്യൂഡൽഹി: കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയോരത്തെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും നീക്കംചെയ്യാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ. ദേശീയ പാത അതോറിറ്റി, മരാമത്ത്, റവന്യൂ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്നാണ് ഈ കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് ഡിജിപി സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ പാതകളിലെ അപകടങ്ങൾ കുറയ്ക്കാൻ സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി ഒരു ഡസനോളം നിർദേശങ്ങൾ നൽകിയിരുന്നു. ഇവ നടപ്പിലാക്കിയത് സംബന്ധിച്ച് സുപ്രീം കോടതിയിൽ ഫയൽചെയ്ത നടപടി റിപ്പോർട്ടിലാണ് ഡിജിപിയുടെ വിശദീകരണം.
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളിലെ ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയതായും സുപ്രീം കോടതിയിൽ ഫയൽചെയ്ത നടപടി റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. ദേശീയ പാതയോരത്തെ അനധികൃത കടകൾ, താത്കാലിക നിർമാണങ്ങൾ, കൂറ്റൻ പരസ്യബോർഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം പോലീസിന്റെ സാന്നിധ്യത്തിൽ നീക്കംചെയ്തുവരികയാണെന്ന് പോലീസ് മേധാവി കോടതിയെ അറിയിച്ചു.
ദേശീയപാതയോരത്ത് ഇനി പുതിയ തട്ടുകടയോ നിർമാണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു. എൻ.എച്ച്.എ.ഐയുടെയോ പി.ഡബ്ല്യു.ഡിയുടെയോ എൻ.ഒ.സി ഇല്ലാതെ ഹൈവേ സുരക്ഷാ മേഖലയിലെ ഒരു സ്ഥാപനത്തിനും ഇനി ലൈസൻസോ വ്യാപാര അനുമതിയോ പുതുക്കിനൽകില്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി.
അപകടങ്ങൾ പതിയിരിക്കുന്ന മേഖലകൾ പോലീസ് പ്രത്യേകം അടയാളപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപടി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ബ്ലാക്ക് സ്പോട്ടുകൾ ഇവയാണ്. കൊല്ലം സിറ്റി: കല്ലുംതാഴം, മാങ്ങാട്. പത്തനംതിട്ട: കല്ലുക്കുഴി, മണക്കാല, പൂട്ടോട്, തട്ട. തൃശൂർ: എൻഎച്ച്-544, എൻഎച്ച്-66 പാതകളിലെ വിവിധ കേന്ദ്രങ്ങൾ. വയനാട്: ധോട്ടപ്പൻകുളം, കൈനാട്ടി, ലക്കിടി, പഴയ വൈത്തിരി, മീനങ്ങാടി 54-ാം മൈൽ ജങ്ഷൻ, വരിയാട്. കണ്ണൂർ റൂറൽ: അഞ്ച് പ്രമുഖ അപകടമേഖലകകൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
Content Highlights: DGP Ravada Chandrasekhar informed the Supreme Court about orders issued to district police chiefs to clear NH encroachments., Removal actions target illegal shops, hoardings, and structures in coordination with NHAI, PWD, and local bodies., No business licenses will be renewed without NOC from NHAI or PWD in highway safety zones., Accident-prone black spots have been identified and monitored in districts like Kollam, Pathanamthitta, Thrissur, Wayanad, and Kannur.
Published: 17 Aug 2026, 08:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented