കോട്ടയം: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചത് വെള്ളംകുറഞ്ഞ ഡാമുകൾ. എൽനിനോ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ കാലവർഷം കുറഞ്ഞതാണ് ഡാമുകളിൽ വെള്ളംകുറയാൻ കാരണം. കൃത്യമായി മൺസൂൺ ലഭിച്ചിരുന്നെങ്കിൽ ഡാമുകൾ ഇതിനകം നിറഞ്ഞേനേ. അങ്ങനെയെങ്കിൽ ഒാഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതവും ചേർന്ന് മറ്റൊരു മഹാപ്രളയമുണ്ടാകുമായിരുന്നു.
പ്രധാന ജലവൈദ്യുതപദ്ധതിയുള്ള ഇടുക്കിയിൽ 1697 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 893 മില്ലിമീറ്റർ മാത്രം. 48 ശതമാനം കുറവ്. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ 1011 മില്ലിമീറ്റർ വേണ്ടിടത്ത് 919 മില്ലിമീറ്ററാണ് കിട്ടിയത്. ഒൻപത് ശതമാനം കുറവ്.
വലിയ ഡാമുകളിൽ ശേഷിയുടെ പാതിപോലും ഇനിയും എത്തിയിട്ടില്ലെന്നത് ഇനിയുള്ള മഴയിൽ പ്രധാനമാണ്.
* ഇടുക്കിയിൽ ഒറ്റദിവസംകൊണ്ട് 36.33 ദശലക്ഷം ഘനമീറ്റർ (എം.സി.എം.) വെള്ളമാണ് കൂടിയത്. 449.28 എം.സി.എമ്മിൽനിന്ന് 485.61 എം.സി.എമ്മിലേക്ക്. ശേഷിയുടെ 33 ശതമാനമേ ഇപ്പോഴുമുള്ളൂ. 2018-ലെ പ്രളയകാലത്ത് നാശം അധികമായത് ഇടുക്കി ഡാം തുറക്കേണ്ടിവന്നതുകൊണ്ടുകൂടിയാണ്.
* ശബരിഗിരിയുടെ കക്കിഡാമിൽ ഒറ്റദിവസംകൊണ്ട് 16.50 എം.സി.എം. വെള്ളം കൂടി 170.38-ലേക്ക് എത്തി. 38.16 ശതമാനമായി. 2018-ൽ ഈ ഡാം തുറന്നതോടെ പമ്പ, ഇടക്കുളം, റാന്നി, ആറന്മുള, ചെങ്ങന്നൂർ ദേശങ്ങളിൽ ഇരട്ട ആഘാതമാണുണ്ടായത്. ഇക്കുറി ഒാഗസ്റ്റ് ഒന്നിന് പുലർച്ചെ പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ, പ്രത്യേകിച്ച് ളാഹയിൽ അതിതീവ്രമഴയാണുണ്ടായത്. ഇൗ പെയ്തിൽ വലിയൊരു പങ്ക് കക്കിക്ക് ശേഖരിക്കാനായി.
* പമ്പഡാമിൽ 1.99 എം.സി.എം. കൂടി 62.49 എം.സി.എമ്മായി. ശേഷിയുടെ 16 ശതമാനം മാത്രമാണിപ്പോഴുമുള്ളത്. മൂഴിയാർ ഡാം മാത്രമാണ് ഒാഗസ്റ്റ് ഒന്നിന് തുറന്നത്.
* ഇടമലയാറിൽ 17.43 എം.സി.എം. കൂടി ജലശേഖരം 433.46 ദശലക്ഷം ക്യൂബിക് മീറ്ററായി.
ഒറ്റ ദിവസം ഇരട്ടിയിലേറെ മഴ എന്നിട്ടും കുറവ്
തൃശ്ശൂർ: ജില്ലയിൽ ഓഗസ്റ്റ് ഒന്നിന് 45.4 മില്ലീ മീറ്റർ (എം.എം.) മഴ കിട്ടിയതായി കാലാവസ്ഥാവകുപ്പ്. സാധാരണ ഈ ദിവസം കിട്ടേണ്ടത് 21.6 മില്ലീമീറ്ററാണ്-110 ശതമാനം അധികം. എങ്കിലും ജൂൺ ഒന്നിന് ആരംഭിച്ച ഈ വർഷത്തെ മൺസൂൺ കാലയളവിൽ ഇതുവരെ 938.9 മില്ലീമീറ്റർ മഴയേ കിട്ടിയുള്ളൂ. സാധാരണ 1,409.6 എം.എം. കിട്ടേണ്ടതായിരുന്നു. കുറവ് 33 ശതമാനം. സംസ്ഥാനത്താകെ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
നിറയാതെ, അണക്കെട്ടുകൾ
ജില്ലയിലെ മഴക്കുറവ് അണക്കെട്ടുകളിലും പ്രതിഫലിച്ചു. ഒറ്റ ദിവസം ഇത്രയും മഴ പെയ്തിട്ടും 62.48 മീറ്റർ ശേഷിയുള്ള വാഴാനി അണക്കെട്ടിൽ ജലനിരപ്പ് 53.58 മീറ്ററേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഈ ദിവസം 58.48 മീറ്ററുണ്ടായിരുന്നു. ചിമ്മിനി ഡാമിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് 68.07 മീറ്ററാണ് ജലനിരപ്പ്. ഇവിടെയും സംഭരണശേഷിയുടെ 60.73 ശതമാനമേ ആയുള്ളൂ.
കഴിഞ്ഞ വർഷം ഈ ദിവസത്തെക്കാൾ 8.01 ശതമാനം കുറവാണിത്. 76.70 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലനിരപ്പ്. 811.68 മീറ്റർ സംഭരണ ശേഷിയുള്ള (2663 അടി)ഷോളയാറിൽ 799.764 മീറ്ററാണ് ഞായറാഴ്ചത്തെ അളവ്. പെരിങ്ങൽക്കുത്തിൽ സ്ഥിതി മെച്ചമാണ്. 424 മീറ്റർ ശേഷിയുള്ള അവിടെ കഴിഞ്ഞ ദിവസത്തെ മഴയിൽ 421.5 മീറ്ററായി. ഇതേത്തുടർന്ന് സ്ലൂയിസ്‌വാൽവ് തുറന്ന് ജലനിരപ്പ് 419.65 മീറ്ററിൽ ക്രമീകരിച്ചു. ഞായറാഴ്ച മഴ കുറഞ്ഞ് നീരൊഴുക്ക് കുറഞ്ഞതിനാൽ വാൽവ് അടയ്ക്കുകയും ചെയ്തു.
പീച്ചി അണക്കെട്ടുമേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 116 മി.മീ. മഴ രേഖപ്പെടുത്തി. 76.2 മീറ്റർ സംഭരണശേഷിയുള്ള ഇവിടെ 72.85 മീറ്ററാണ് നിലവിലെ നിരപ്പ്. ഒറ്റ ദിവസത്തെ മഴയിൽ 0.96 മീറ്റർ നിരപ്പ് ഉയർന്നു. എന്നിട്ടും കഴിഞ്ഞ വർഷത്തെക്കാൾ 34 ശതമാനം കുറവാണ്.
Content Highlights: Monsoon deficit due to El Nino-like conditions has kept Kerala dam levels significantly low in 2026., Idukki dam holds only 33% capacity despite recent heavy rains., Major dams like Kakki, Pamba, and Chimmini are well below their maximum storage levels compared to previous years., Flash floods on August 1st were mitigated by the existing low water levels in reservoirs., Statewide rainfall deficit remains at approximately 30% for the 2026 monsoon season.
Published: 03 Aug 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented