തിരുവനന്തപുരം: കെ.പി.സി.സി.യുടെ തലപ്പത്ത് നേതൃമാറ്റം വേണോയെന്ന കാര്യത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻഷി നേതാക്കളുടെ അഭിപ്രായം കേട്ടുതുടങ്ങി. രാഷ്ട്രീയകാര്യസമിതിയിലെ അഭിപ്രായങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ചർച്ച.

To advertise here,

രമേശ് ചെന്നിത്തല, എം.എം. ഹസൻ, ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ തിങ്കളാഴ്ച ദീപയെ സന്ദർശിച്ചു. വി.ഡി. സതീശനും ദീപയോട് സംസാരിച്ചു. സുധാകരനെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കാവൂ എന്ന അഭിപ്രായം ചില നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി ഒരു ടീമെന്ന നിലയിൽ പോകാൻ കഴിയുന്നയാൾ പ്രസിഡന്റാവണമെന്ന അഭിപ്രായവും വന്നു. വരും ദിവസങ്ങളിലും ചർച്ച തുടരും.

സംയുക്ത പത്രസമ്മേളനം നടന്നില്ല

കോൺഗ്രസ് സംസ്ഥാനനേതൃത്വത്തിലെ ഭിന്നത കടുക്കുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻഷിയുടെ സാന്നിധ്യത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഒരുമിച്ച് തിങ്കളാഴ്ച രാവിലെ നടത്തുമെന്ന് അറിയിച്ചിരുന്ന പത്രസമ്മേളനം ഇതേത്തുടർന്ന് മാറ്റി.

നേതാക്കൾ തമ്മിൽ അകൽച്ചയുണ്ടെന്ന പ്രചാരണത്തിന് തടയിടാനാണ് സംയുക്ത പത്രസമ്മേളനമെന്ന നിർദേശം ദീപ മുന്നോട്ടുവെച്ചത്. എന്നാൽ, അതിന് നേതാക്കൾ നിന്നില്ല. എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ടതിനാൽ കെ. സുധാകരൻ അടക്കമുള്ളവർ അങ്ങോട്ടേക്കുപോയതിനാൽ പത്രസമ്മേളനം ഒഴിവാക്കിയെന്നാണ് ഔദ്യോഗികവിശദീകരണം.

ഞായറാഴ്ച രാഷ്ട്രീയകാര്യസമിതിയിലും ഏറ്റുമുട്ടലുണ്ടായി. നിലവിലെ സീറ്റുകൾക്കുപുറമേ നാല്പതിൽപ്പരം നിയമസഭാമണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്നും അതിന് ചുമതലക്കാരെ നിശ്ചയിച്ചുമെന്നുമുള്ള സതീശന്റെ പരാമർശമാണ് ഏറ്റുമുട്ടലിന് വഴിവെച്ചത്. ഏതുവേദിയിലാണ് ഇക്കാര്യം ചർച്ചചെയ്തതെന്ന് ചോദിച്ച്‌ എ.പി. അനിൽകുമാറാണ് എതിർപ്പുയർത്തിയത്. ചെയ്യുന്ന കാര്യത്തിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെയാണ് വിമർശനമെന്നായിരുന്നു സതീശന്റെ പ്രതികരണം.

കുറ്റപ്പെടുത്തൽ രൂക്ഷമായതോടെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുകയാണ് തന്റെ ദൗത്യമെന്നും അതിനുകഴിയുന്നില്ലെങ്കിൽ ചുമതല ഒഴിഞ്ഞേക്കാമെന്നും ദീപ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നോക്കി പറഞ്ഞു.

‘ലീഡർഷിപ്പ് ലയബിലിറ്റി’യാണ് പാർട്ടി നേരിടുന്നതെന്ന ആക്ഷേപം ഷാഫി പറമ്പിൽ ഉന്നയിച്ചു. ഷാഫിയും വിമർശനം നേരിട്ടു. യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് പ്രാധാന്യം കുറഞ്ഞുപോയെന്നത് സംബന്ധിച്ച തർക്കം ശരിയായില്ലെന്നുപറഞ്ഞ ദീപ, ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു.