തിരുവനന്തപുരം: കോളേജ് അധ്യാപകർക്ക് എട്ടാം ശമ്പളക്കമ്മിഷൻ ശുപാർശയനുസരിച്ചുള്ള ശമ്പളവർധനയും ആനുകൂല്യങ്ങളും അതേപടി നടപ്പാക്കില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവ്. ധനവകുപ്പിന്റെ പ്രത്യേക സമിതി പരിശോധിച്ചേ ശുപാർശ നടപ്പാക്കൂവെന്ന് അഡീഷണൽ സെക്രട്ടറി എ.എം. ജാഫർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

To advertise here,

യുജിസിയുടെയും എഐസിടിഇയുടെയുമൊക്കെ ശമ്പളപരിഷ്കരണ ഉത്തരവുകൾ ധനവകുപ്പ് പരിഗണിച്ചുമാത്രം നടപ്പാക്കുന്നത് നിർബന്ധമാക്കി. ഏഴാം ശമ്പളക്കമ്മിഷനുശേഷം 2016-ൽ കോളേജ് അധ്യാപകർക്ക് അനുവദിച്ച പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് തുക റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ വ്യവസ്ഥകൾ. നവംബർ മൂന്നിന് ജസ്റ്റിസ് രഞ്ജനാ ദേശായ് അധ്യക്ഷയായുള്ള എട്ടാം ശമ്പളക്കമ്മിഷൻ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരിക്കേയാണ് ധനവകുപ്പിന്റെ അസാധാരണ നടപടി.

അക്കാദമിക ആവശ്യങ്ങളും അധികബാധ്യത വഹിക്കാനുള്ള സാമ്പത്തികശേഷിയും കണക്കിലെടുത്തേ എട്ടാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കൂവെന്നാണ് ഉത്തരവിലെ മറ്റൊരു ഓർമ്മപ്പെടുത്തൽ. ഇതോടെ, ശമ്പളവർധനയിൽ സർക്കാർ കൈവെക്കുമെന്ന് ഉറപ്പായി. സാമ്പത്തികശേഷി സാധാരണ പരിഗണിക്കാറുണ്ടെങ്കിലും അക്കാദമികമായ ആവശ്യങ്ങൾ പരിശോധിക്കുമെന്ന പ്രഖ്യാപനത്തിലാണ് അധ്യാപകർക്ക് ആശങ്ക. സർക്കാർ, എയ്ഡഡ് കോളേജുകളെന്നോ സർവകലാശാല എന്നോ ഒക്കെ വേർതിരിച്ച് ശുപാർശ നടപ്പാക്കാനുള്ള സാധ്യതയേറി.

അതേസമയം, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപകർക്ക് പിഎച്ച്ഡി, എംഫിൽ ആനുകൂല്യം നൽകുന്നതിലുണ്ടായ ആശയക്കുഴപ്പം ഭാവിയിൽ വരാതിരിക്കാനാണ് മുൻകരുതൽ നടപടിയെന്നാണ് സർക്കാർവൃത്തങ്ങളുടെ വിശദീകരണം.