കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റല്‍ മുറിയില്‍നിന്നും പിടിച്ച കഞ്ചാവിന്റെ ഉറവിടം ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകാമെന്ന് പോലീസിന്റെ നിഗമനം. ഈ സ്ഥലങ്ങളില്‍ നിന്നുള്ള ലഹരിസംഘം ട്രെയിനിലും കൂറിയറുകളിലും സാധാരണയായി അയക്കാറുള്ള രീതിയിലായിരുന്നു കഞ്ചാവുപൊതിയുടെ രൂപം. പോളിത്തീന്‍ കവറിനുമുകളില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവിന്റെ ഗന്ധം പുറത്തുകടക്കാക്കാത്ത രീതിയിലായിരുന്നു പാക്കിങ്.

To advertise here,

അളന്നുതൂക്കി ചെറിയ പാക്കറ്റുകളാക്കാന്‍ ആകാശിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പൊതി പൊളിച്ചിരുന്നു. ഉപയോഗിച്ചുകഴിഞ്ഞ സമാനമായ പൊതികളും റൂമില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുന്‍പും ആകാശിന്റെ റൂമില്‍ ലഹരിയെത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

placeholder
Alcohol bottles found in hostel room
കളമശ്ശേരി ഗവ. പോളിടെക്‌നിക് മെൻസ് ഹോസ്റ്റലിലെ അഭിരാജിന്റെയും ആദിത്യന്റെയും മുറിയിലെ ഒഴിഞ്ഞ മദ്യക്കുപ്പികൾ

അഭിരാജിന്റെ മുറിയില്‍നിന്ന് ചെറിയ പാക്കറ്റിലുള്ള കഞ്ചാവ്, പൊടിക്കുന്നതിനുള്ള ഉപകരണങ്ങള്‍, കഞ്ചാവ് വലിക്കുന്നതിനായി ക്രമീകരിച്ച പ്ലാസ്റ്റിക് കുപ്പികള്‍, ഹുക്ക, ഉപയോഗിച്ചശേഷമുള്ള കഞ്ചാവിന്റെ അവശിഷ്ടങ്ങള്‍, ഒഴിഞ്ഞ മദ്യക്കുപ്പികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

placeholder
Drug bust in Kerala campus
വിദ്യാര്‍ഥികള്‍ തന്നെ നിര്‍മിച്ചെന്നു കരുതുന്ന കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

ഏജന്റുമാര്‍ മുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വരെ

പ്രധാനമായും മയക്കുമരുന്ന് ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലഹരി കേരളത്തിലെ കാംപസുകളിലേക്കെത്തിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികള്‍ വഴിയാണ് കാംപസുകളില്‍ നിലവിലുള്ള വിദ്യാര്‍ഥികളില്‍ പലരും ഏജന്റുമായി ബന്ധം സ്ഥാപിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. കാംപസില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലടക്കം പൂര്‍വ വിദ്യാര്‍ഥികള്‍ നിയന്ത്രണമില്ലാതെ വന്നുപോകുന്ന സാഹചര്യമുണ്ട്. പൂര്‍വ വിദ്യാര്‍ഥികള്‍ എത്തിക്കുന്ന ലഹരി ഉപയോഗിക്കുന്നവര്‍, പിന്നീട് ഇവര്‍ മുഖാന്തരം ഏജന്റുമാരെ സമീപിക്കും.

മുന്‍കൂട്ടി അറിയിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക സമയങ്ങളിലായിരിക്കും ഏജന്റുമാര്‍ ലഹരി എത്തിച്ചുനല്‍കുക. കഞ്ചാവ് 500, 1000 രൂപ നിരക്കിലുള്ള പാക്കറ്റുകളിലാക്കി എത്തിക്കുന്നതാണ് ഇവരുടെ രീതി.