വൈദ്യുതി മുടങ്ങുന്ന സമയം നൂറ് ശതമാനം കൃത്യമായി മുന്കൂട്ടി അറിയിക്കാന് കഴിയില്ലെന്നും ഏകദേശ സമയം അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. വിഷയത്തിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ ഖേദമുണ്ടെന്ന് പറഞ്ഞ മന്ത്രി, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരം. പകൽ സമയത്തും രാത്രി സമയത്തുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രധാന പ്രശ്‌നങ്ങൾക്ക് കാരണം. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതി ലഭ്യമാകുകയും അത് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, രാത്രി സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു യൂണിറ്റിന് 10 രൂപ മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ല. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ഉയർന്ന വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുമ്പോഴേക്കും ലഭിക്കുന്ന ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെടുകയാണ്. മുൻകൂട്ടിയുള്ള കരാറുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തുകയും അവരുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ബോർഡ് ശ്രമിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു.
വൈദ്യുതി മുടങ്ങുന്ന സമയം നൂറ് ശതമാനം കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയില്ല. എങ്കിലും കഴിയുന്നത്ര മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും. സംസ്ഥാനത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് അനുഭവപ്പെടുമ്പോൾ ലഭ്യമായ വൈദ്യുതി 2500 മുതൽ 3000 വരെയുള്ള ഫീഡറുകളിലേക്ക് വീതിച്ചു നൽകേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ വിതരണം ചെയ്യുമ്പോൾ ചില പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവർത്തിക്കേണ്ടി വരുന്നത് പൂർണ്ണമായും സാങ്കേതിക കാരണങ്ങളാലാണെന്നും ഒരിക്കലും മനപ്പൂർവ്വമല്ലെന്നും മന്ത്രി പറയുന്നു.
മഴ ഗണ്യമായി കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ വൈദ്യുതി ഉത്പാദനം കുത്തനെ ഇടിയുകയും അതേസമയം ഉപഭോഗം വൻതോതിൽ ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്തെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ആവശ്യം 3794 മെഗവാട്ട് ആയിരുന്നെങ്കിൽ, ഇന്നലത്തെ ആവശ്യം 5200 മെഗവാട്ട് ആയിരുന്നു. ഇത് വിതരണ ശേഷിയേക്കാൾ ഏതാണ്ട് 700 മുതൽ 900 മെഗവാട്ടിന്റെ വരെ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ സംസ്ഥാനം സ്വന്തമായി ഉത്പാദിപ്പിക്കുന്നത് 1650 മെഗവാട്ട് വൈദ്യുതി മാത്രമാണ്. കേന്ദ്ര വിഹിതമായി 1500 മെഗവാട്ടും, ദീർഘകാല കരാറുകൾ വഴി 630 മെഗവാട്ടും, ഹ്രസ്വകാല കരാറുകളിൽ നിന്ന് 100 മെഗവാട്ടും വൈദ്യുതി ലഭിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു.
കേരളത്തിന് ഏതാണ്ട് 700 മെഗവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രിഡ് സുരക്ഷ മുൻനിർത്തി ബെംഗളൂരുവിലെ റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെ നിർദ്ദേശങ്ങൾക്കും ലോഡ് ക്രമീകരണങ്ങൾക്കും വിധേയമായാണ് നിലവിലെ വൈദ്യുതി വിതരണം നടക്കുന്നത്. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണ്. ആന്ധ്രപ്രദേശ് തങ്ങളുടെ ആവശ്യത്തിന്റെ 86 ശതമാനവും തെലങ്കാന 67 ശതമാനവും കർണാടക 60 ശതമാനവും തമിഴ്‌നാട് 50 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് ആവശ്യത്തിന്റെ 25 ശതമാനത്തോളം മാത്രമാണ്. ബാക്കി 75 ശതമാനത്തോളം വൈദ്യുതിക്കായി കേന്ദ്ര ഏജൻസികളെയോ മറ്റ് പവർ പ്ലാന്റുകളെയോ ആണ് കേരളം ആശ്രയിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Content Highlights: Electricity Minister Sunny Joseph stated that humanly possible measures are being taken to address Kerala's power crisis. Expressing regret for public hardships, he noted there are no miracles to instantly fix shortages.
Published: 09 Sept 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented