കോട്ടയം: നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ജയ്പുർ സ്വദേശി മുഹമ്മദ് മർസൂദ് ഖാനെ (47) ആണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഓണത്തിന് മുന്നോടിയായി എക്‌സൈസ് സംഘടിപ്പിച്ച സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന.

To advertise here,

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയശേഷം നാഗമ്പടം ഭാഗത്തേക്ക് നടന്നു വരികയായിരുന്നു മർസൂദ് ഖാൻ. എക്‌സൈിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ. ദർശക്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാർ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പി.എസ്. ശ്യാംകുമാർ, പി.പി. പ്രസീദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.എ. യേശുദാസ്, കെ.സി. ദിബീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ, സിവിൽ എക്‌സൈസ് ഓഫീസ് ഡ്രൈവർ വിബിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.