തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിഞ്ഞു തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ പ്രദേശങ്ങളിൽ  കണ്ടെയിനറുകൾ അടിഞ്ഞത്.  അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകളും ഒഴുകി നടക്കുന്നതായാണ്  കോസ്റ്റൽ പോലീസ് അറിയിച്ചത്. ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പാപനാശം തീരത്ത് ഒഴുകി നടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് കയറു കെട്ടി കരയിലേക്ക് വലിച്ച് കയറ്റി.

To advertise here,

വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്. രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കനുഭവപ്പെടുന്നുണ്ട്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടലിലേക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പോലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.

വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞത് കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. അപകടകരമായ വസ്തുക്കളുണ്ടാകാൻ സാധ്യതയുള്ളതിനാൽ കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. 

കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞത് മത്സ്യതൊഴിലാളികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 'എത്ര നാളത്തേക്ക് ഇനി മീൻ പിടിക്കാൻ പോകാൻ സാധിക്കുമെന്ന് അറിയില്ല. മൂന്നുമാസമെങ്കിലും മത്സ്യബന്ധനം സാധ്യമല്ല എന്നാണ് കരുതുന്നത്. മീൻ പിടിക്കാൻ സാധിച്ചില്ലെങ്കിൽ പട്ടിണിയിലാകും. രാസവസ്തുക്കൾ ഒക്കെ കണ്ടയ്നറുകൾക്കുള്ളിൽ ഉണ്ടന്നൊക്കെ വാർത്തകളിൽ കണ്ടു. എല്ലാവർക്കും പേടിയുണ്ട്. കുട്ടികൾ ഒക്കെ ഓടിക്കളിക്കുന്ന തീരമാണ്. അവർക്കും പേടിയാണ്.' തുമ്പയിലെ മത്സ്യത്തൊഴിലാളി പറയുന്നു.

അതേസമയം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ചൊവ്വാഴ്ച മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റാനാണ് നീക്കം. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. തീരത്തടിഞ്ഞ ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.