തിരുവനന്തപുരം: സർക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാൻ ആവിഷ്‌കരിച്ച വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് പരിപാടിക്ക് ഫണ്ട് അനുവദിക്കാൻ മടിച്ച് ഉദ്യോഗസ്ഥർ. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരിപാടിക്ക് കൃത്യമായ ധാരണയില്ലാതെ ഉത്തരവിറക്കാനാകില്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. സംസ്ഥാനത്ത് ഭരണമാറ്റം സംശയിച്ചാണ്‌ ഈ പിന്നാക്കംമാറൽ. വ്യക്തമായ ഉത്തരവില്ലാതെ പണം ചെലവഴിച്ചാൽ ഭരണമാറ്റമുണ്ടായാൽ അതിന്റെ ബാധ്യത ഉദ്യോഗസ്ഥരിലാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

To advertise here,

ബുധനാഴ്ച തുടങ്ങാനുള്ള ജില്ലാതലമത്സരത്തിന് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിൽപ്പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എസ്. ഹരികിഷോർ, പി.ആർ.ഡി.യുടെ ചുമതലവഹിക്കവേ കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനവ്യാപകമായി ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചത്. 20 ലക്ഷത്തോളമായിരുന്നു പ്രഖ്യാപിച്ച സമ്മാനത്തുക. ശരാശരി 200 പേരെങ്കിലും ജില്ലകളിൽ മത്സരാർഥികളായി പങ്കെടുക്കുന്നുണ്ട്. കാണികൾക്കും ചോദ്യം നൽകി, സമ്മാനം നൽകണമെന്നാണ് നിർദേശം. എന്നാൽ, മത്സരാർഥികൾക്കു ചായ വാങ്ങിനൽകുന്നതിനുള്ള പണംപോലും അനുവദിച്ചിട്ടില്ല.

സ്‌കൂൾ-കോളേജ് തല മത്സരാർഥികളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക്‌ അഞ്ചുലക്ഷം വീതമാണ് പ്രഖ്യാപിച്ച സമ്മാനത്തുക. ഇതുസംബന്ധിച്ചും അവ്യക്തതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.